എയർ ഇന്ത്യ എക്‌സ്പ്രസ്സ് സലാല -തിരുവനന്തപുരം സർവീസ് പുനഃരാരംഭിക്കാൻ സാധ്യത
സർവീസ് പുനഃരാരംഭിക്കാൻ മാർക്കറ്റിംഗ് വിഭാഗം നിർദേശം നൽകി
സലാല: എയർ ഇന്ത്യ എക്‌സ്പ്രസ്സ് സലാല -തിരുവനന്തപുരം സർവീസ് പുനഃരാരംഭിക്കാൻ സാധ്യത. സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള നിർത്തലാക്കിയ എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കാൻ മാർക്കറ്റിംഗ് വിഭാഗം നിർദേശം നൽകിയതായി എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഒമാൻ ഹെഡ് വരുൺ കഡേക്കർ പറഞ്ഞു. എക്‌സ്പ്രസ്സ് സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയിൽ ഒമാനിലെ യാത്രക്കാരുടെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി ഡോ. കെ. സനാതനൻ പറഞ്ഞു.
എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഒമാൻ ഹെഡ് വരുൺ കഡേക്കർ എംബസി കോൺസുലാർ എജന്റ് ഡോ. കെ. സനാതനനെ സന്ദർശിക്കുന്നു
ഡോ. സനാതനന്റെ സനായിയ്യയിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഒമാൻ കൺട്രി മാനേജർ വരുൺ കഡേക്കറിന് പുറമേ, എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓപറേറ്റേഴ്‌സ് ആയ കിംജി ഹൗസ് ഓഫ് ട്രാവലിന്റെ സീനിയർ ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജർ മഹേഷ് വദ്‌വ, എയർപോർട്ട് സൂപ്പർവൈസർ എം. ഗോപകുമാർ എന്നിവരും സംബന്ധിച്ചു.
സലാല മലയാളികളുടെ യാത്ര പ്രശ്‌നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് ലോക കേരളസഭ അംഗങ്ങളായ പവിത്രൻ കാരായിയും ഹേമ ഗംഗാധരനും മുൻകയ്യെടുത്ത് വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധയോഗം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശാകാര്യ മന്ത്രി, എം.പി.മാർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.