അൽ ഫനാർ ജീവനക്കാരുടെ ഓണാഘോഷം
സലാല: അൽ ഫനാർ ഹോട്ടൽ & റസിഡൻസിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ഓണം ആഘോഷിച്ചു. താക്ക റോഡിലെ കടൽ തീരത്തുള്ള ഏറ്റവും വലിയ ടൂറിസ്റ്റ് സമുച്ചയമായ റൊട്ടാന, ജുവെയ്ര, ദി ക്ലബ് എന്നീ ഹോട്ടലുകളിൽ നിന്നുള്ള നാനൂറോളം ജീവനക്കാരാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ താവിശി ബെഹൽ പാണ്ഡെ മുഖ്യാതിഥിയായിരുന്നു. കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ തുടങ്ങി പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.
ഓണപ്പുക്കളവും,വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി. വിവിധ രാജ്യക്കാർക്കിടയിൽ സ്‌നേഹവും സൗഹ്യദവും ഊട്ടിയുറപ്പിക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കുമെന്ന് പ്രമുഖ മലയാളി ഷെഫ് സുരേഷ് കരുവണ്ണൂർ, സിംറാൻ അഷറഫ് എന്നിവർ പറഞ്ഞു. ,അനീഷ് ചന്ദ്രൻ ,മനോജ് വരിക്കോലി, ടോണി തോമസ് , അജിത് എന്നിവർ നേതൃത്വം നൽകി. രവീന്ദ്രൻ പാലക്കാട് മാവേലിയായി.