ഒമാൻ-യുഎഇ ഹഫീത്ത് റെയിൽവേ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ; മസ്കത്ത് മെട്രോയുമായി ബന്ധിപ്പിക്കാൻ ആലോചന
ഒമാനിലെ സുഹാറിനെയും യുഎഇയിലെ അബൂദബി എമിറേറ്റിനെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി
മസ്‌കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിൽവേ ലിങ്ക് അതിവേഗം യാഥാർത്ഥ്യത്തിലേക്ക്. നിലവിൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്ന് ഹഫീത്ത് റെയിൽ അധികൃതർ അറിയിച്ചു. യാത്രക്കാർക്കും ചരക്കു ഗതാഗതത്തിനുമായി 303 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് റെയിൽ പാതയ്ക്കായി നിലം ഒരുക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഒമാനിലെ സുഹാറിനെയും യുഎഇയിലെ അബൂദബി എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ഈ ബൃഹത് പദ്ധതിക്ക് ഏകദേശം 300 കോടി യുഎസ് ഡോളറാണ് ചെലവ് കണക്കാക്കുന്നത്. ഇതിനായുള്ള പ്രത്യേക കൺസോർഷ്യം ഊർജ്ജിതമായി പ്രവർത്തിക്കുന്നുണ്ട്. ഈ റെയിൽ പാതയിൽ 34 മീറ്റർ വരെ ഉയരമുള്ള 60 പാലങ്ങളും 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും ഉൾപ്പെടുന്നു.
ഹഫീത്ത് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ സുഹാറിനും അബൂദബിക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. നിലവിലുള്ള യാത്രാ ദൈർഘ്യം 100 മിനിറ്റായി ചുരുങ്ങും. പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെയും ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വരെയും വേഗതയുണ്ടാകും.
അതേസമയം, ഒമാന്റെ തലസ്ഥാനമായ മസ്‌കത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട മസ്‌കത്ത് മെട്രോയെ ഹഫീത്ത് റെയിലുമായി ബന്ധിപ്പിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. ഫ്രഞ്ച് എംബസിയുടെ പിന്തുണയോടെ ബിസിനസ് ഫ്രാൻസ് സംഘടിപ്പിച്ച ഒമാൻ-ഫ്രാൻസ് റെയിൽ ആൻഡ് മൊബിലിറ്റി ഡേ 2025 പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായുള്ള ഈ രണ്ട് പദ്ധതികളെയും കുറിച്ച് പരിപാടിയിൽ പ്രധാനമായും ചർച്ച ചെയ്തു.