തണുപ്പിന് തുടക്കം, ഒമാനിൽ ക്രൂസ് കപ്പലുകൾ എത്തിതുടങ്ങി

കൂടുതൽ ക്രൂസ് കപ്പലുകൾ വരും​ ദിവസങ്ങളിൽ ഒമാൻ തീരത്തേക്ക് എത്തും

Update: 2025-11-09 16:08 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ഒമാനിലെ ചൂട് കാലാവസ്ഥ മാറിത്തുടങ്ങിയതോടെ വിനോദ സഞ്ചാരികളുടെ വരവ് ആരംഭിച്ചു. ടൂറിസ്റ്റുകളുമായുള്ള ഈ വര്‍ഷത്തെ ആദ്യ ക്രൂസ് കപ്പൽ മസ്കത്തിലെ മത്ര ഖാബൂസ് പോര്‍ട്ടില്‍ നങ്കൂരമിട്ടു. കൂടുതൽ ക്രൂസ് കപ്പലുകൾ വരും​ ദിവസങ്ങളിൽ ഒമാൻ തീരത്തേക്ക് എത്തും.

ജർമൻ കമ്പനിയായ ടിയുഐ ഓപറേറ്റ് ചെയ്യുന്ന മെറിൻ ഷിഫ് -നാല് എന്ന ക്രൂസ് കപ്പലാണ് മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ എത്തിയത്. ഇതോടെ മാസങ്ങളോളമായി ആളും ആരവവും‌ ഒഴിഞ്ഞ മത്ര സൂഖിന് ഉത്സവഛായ കൈവന്നു. 2386 ടൂറിസ്റ്റുകളുമായാണ് മെറിൻ ഷിഫ് കപ്പലിന്റെ ലോക സഞ്ചാരം. മത്ര കോര്‍ണിഷിലെയും പരിസരങ്ങളിലെയും മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സഞ്ചാരികൾ നടന്നു. ആറ് മാസത്ത ഇടവേളക്ക് ശേഷമാണ് വിനോദ സഞ്ചാരികളുടെ കപ്പലെത്തിയത്. മേഖലയിലെ അസ്വസ്ഥമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം കപ്പലുകളുടെ വരവ് സംബന്ധമായി അനിശ്ചിതത്വം നിലനിന്നിരുന്നു. കപ്പലുകള്‍ എത്തുമെന്ന് പറഞ്ഞ് അറിയിച്ച ദിവസങ്ങളില്‍ ക്യാന്‍സല്‍ ചെയ്തു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത് വ്യാപാരികളില്‍ നിരാശയുണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം ആദ്യ കപ്പലിനെ ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ വരവേറ്റത്. വരും ദിവസങ്ങളില്‍ കൂടുതൽ കപ്പലുകളിലായി ഏറെ സഞ്ചാരികള്‍ എത്തുന്നതോടെ വിപണി ഉയരുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ജര്‍മ്മനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് വന്ന മെറിൻ ഷിഫില്‍ ഉണ്ടായിരുന്നത്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News