'ഡി.ഡി.എ ലാ ഫെസ്റ്റ്' ഒക്ടോബർ 21ന്
മസ്‌കത്തിലെ നൃത്ത വിദ്യാലയങ്ങളിലൊന്നായ ഡി.ഡി.എയുടെ മെഗാ ഇവന്റ് ഒക്ടോബർ 21ന് ഖുറം സിറ്റി ആംഫിതിയേറ്ററിൽ നടക്കും. ഡി.ഡി.എ പത്ത് വർഷം പൂർത്തീകരിക്കുന്നവേളയിൽ തങ്ങളുടെ 250ഓളം വരുന്ന വിദ്യാർഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ഫെസ്റ്റിന്റെ ഏറ്റവും വിലയ പ്രത്യകതകളിലൊന്നെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
'ഡി.ഡി.എ ലാ ഫെസ്റ്റ്' മെഗാ ഇവന്റിൽ പ്രശസ്ത സിനിമ അഭിനേതാവും നർത്തകിയുമായ ശോഭന മുഖ്യാതിഥിയായി പങ്കെടുക്കും. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ പ്രത്യേക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അവരുടെ പ്രകടനങ്ങൾ നടത്താനുള്ള അവസരവും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും പ്രോത്സാഹനം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടീം ഡി.ഡി.എ ഭാരവാഹികൾ പറഞ്ഞു. ഒമാനിൽ ഒരു പുതിയ നൃത്ത സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് ഡി.ഡി.എ പ്രവർത്തനം ആരംഭിച്ചത്. മസ്‌കത്തിലെ നാല് ശാഖകളിലായി 500 ഓളം വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ 10 വർഷമായി ഒമാനിലെയും യു.എ.ഇയിലെയും വിവിധ പരിപാടികളിൽ പ്രധാന നൃത്ത സംഘമായി ഡി.ഡി.എ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.