പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്‌ട്രേഷൻ കുറക്കാൻ തീരുമാനം
ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്കനുസൃതമായായിരിക്കും ഫീസ് കുറക്കുക
ഒമാനിൽ പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്‌ട്രേഷൻ കുറക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതോടെ പ്രവാസി നിക്ഷേപകരും ഒമാനി നിക്ഷേപകരെ പോലെ പരിഗണിക്കപ്പെടും. ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്കനുസൃതമായായിരിക്കും ഫീസ് കുറക്കുക.
ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയും വികസനവും ആവശ്യമാണെന്ന് മന്ത്രിസഭ യോഗത്തിൽ സുൽത്താൻ ബിൻ ഹൈതം താരിഖ് മന്ത്രിമാരോട് നിർദേശിച്ചു. ഇതിനായി തൊഴിൽ, സാങ്കേതിക വിദ്യാഭ്യാസ രീതി നടപ്പാക്കണം. 11, 13 ക്ലാസുകളിലെ കുട്ടികളെ തൊഴിൽ, സങ്കേതിക വിദ്യാഭ്യാസ രീതികളിലേക്ക് വഴി തിരിക്കണം. എൻജിനീയറിങ്, വ്യവസായ വൈദഗ്ധ്യം തുടങ്ങിയ ഉൾപ്പെടുത്തി അടുത്ത വർഷം മുതൽ വിദ്യാഭ്യാസ പദ്ധതിയിൽ മാറ്റം വരുത്തണമെന്നും സുൽത്താൻ നിർദേശിച്ചു.
എല്ലാ വർഷവും ഫെബ്രുവരി 24 ഒമാൻ അധ്യാപക ദിനമായി ആഘോഷിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഈ ദിവസം ഒമാനിലെ എല്ലാ അധ്യാപകർക്കും അവധി നൽകും. ഒമാൻ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കും. ഇതു വഴി ഇറക്കുമതി കുറക്കാനും കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താനും മന്ത്രി സഭ യോഗം തീരുമാനിച്ചു.