വിനോദ സഞ്ചാരം: നിസ്‌വയിൽ വൻ വികസന പദ്ധതികൾ

നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുമാണ് ദാഖിലിയ ഗവർണറേറ്റിലെ പദ്ധതി

Update: 2024-05-27 08:43 GMT
Advertising

നിസ്‌വ: സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നിസ്‌വയടക്കം ദാഖിലിയ ഗവർണറേറ്റിലെ വിവിധയിടങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ വികസന പദ്ധതി തുടരുന്നു. പദ്ധതികൾ പൂർത്തീകരിച്ചതിന് ശേഷം പ്രതിവർഷം ഒരു ദശലക്ഷത്തോളം വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പല ടൂറിസം പദ്ധതികളും അതിവേഗം നടപ്പാക്കപ്പെടുന്നതിനാൽ ഗവർണറേറ്റിലെ വികസന പദ്ധതികളുടെ പൂർത്തീകരണ നിരക്ക് 2024 മെയ് അവസാനത്തോടെ ഏകദേശം 66 ശതമാനത്തിലെത്തിയിട്ടുണ്ട്. ഗവർണറേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതികളിൽ ചിലത് നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ പൂർത്തിയാകും.

പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായതിനാൽ നിസ്‌വ വിലായത്തിലേക്കുള്ള എൻട്രൻസിന്റെ പൂർത്തീകരണ നിരക്ക് 85 ശതമാനത്തിലെത്തിയതായി ദാഖിലിയ ഗവർണർ ഷെയ്ഖ് ഹിലാൽ ബിൻ സെയ്ദ് ബിൻ ഹംദാൻ അൽ ഹജ്‌രി പറഞ്ഞു.

ഫിർഖ് പാലം മുതൽ നഗരമധ്യത്തിലേക്കുള്ള ട്രാഫിക് ലൈറ്റ് ഇന്റർസെക്ഷൻ വരെ ഒന്നര കിലോമീറ്റർ നീളത്തിൽ 23,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൊതു റോഡിന്റെ ഇരുവശവും ഹരിത പ്രദേശങ്ങളിലെ വികസനമടക്കം പ്രവൃത്തികളിൽ ഉൾപ്പെടുന്നു.

150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന നിസ്‌വ പാർക്ക് പദ്ധതിയുടെ നടത്തിപ്പ് അടുത്ത മാസം ആരംഭിക്കുമെന്ന് അൽ ഹജ്‌രി വിശദീകരിച്ചു. വിനോദ പാർക്കും കുടുംബങ്ങൾക്കായുള്ള ഇടവും ഉൾപ്പെടുന്ന പ്രൊജക്റ്റ് എക്‌സിക്യൂട്ടിംഗ് കമ്പനിയെ ഏൽപ്പിച്ചതായും അറിയിച്ചു. ഇത് നിക്ഷേപത്തിനുള്ള അവസരങ്ങൾ നൽകുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യും. ലൈബ്രറി, 4,542 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കൃത്രിമ തടാകം, ഇൻഡോർ ഗെയിംസ് ഹാൾ, 25,000 ചതുരശ്ര മീറ്റർ ഗ്രീൻ ഏരിയകൾ, 1,800 ചതുരശ്ര മീറ്റർ റബ്ബർ ടൈൽ പാകിയ കുട്ടികളുടെ കളിസ്ഥലം, 4,000 മരങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കായിക സൗകര്യങ്ങൾ, റെസ്റ്റോറന്റുകൾ, ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കിയോസ്‌കുകൾ എന്നിവയും ഇവിടെയുണ്ടാകും.

'വിനോദ, സാംസ്‌കാരിക, സേവന പദ്ധതികളിൽ ഒന്നാണ് ഇന്റീരിയർ ബൊളിവാർഡ്, അത് ഉടൻ നടപ്പാക്കും, പ്രത്യേകിച്ചും പദ്ധതിക്ക് ടെൻഡർ ബോർഡ് സാമ്പത്തിക അനുമതി നൽകിയതിന് ശേഷം. ഈ മാസം അവസാനത്തോടെ ടെൻഡർ ബോർഡ് ടെണ്ടർ തുറക്കും. പദ്ധതി ചെലവ് ഏഴ് മില്യൺ ഒമാനി റിയാലായിരിക്കും' അൽ ഹജ്‌രി പറഞ്ഞു.

''1.5 മില്യൺ ഒമാനി റിയാൽ നൽകി സ്വകാര്യ മേഖല അവരുടെ പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗവൺമെന്റിന്റെ ടൂറിസം മേഖലയിലെ ഗുണപരമായ കുതിച്ചുചാട്ടമായിരിക്കുമിത്. 145,000 ചതുരശ്ര മീറ്റർ മൊത്ത വിസ്തീർണ്ണമുള്ള നിസ്‌വ ഗേറ്റ് വികസിപ്പിക്കാനുള്ള പദ്ധതിയുടെ വിപുലീകരണമാണ് പദ്ധതി' അദ്ദേഹം പറഞ്ഞു.

1,45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൈതാനവും വിനോദ കേന്ദ്രവും കൂടാതെ നാല് കിലോമീറ്ററോളം നീളുന്ന സ്പോർട്സ് നടപ്പാതയും പദ്ധതിയിലുണ്ട്. 1.65 കിലോമീറ്റർ ദൈർഘ്യമുള്ള സ്‌കൂട്ടർ സൈക്കിൾ പാതയും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾ, ഇവന്റുകൾ എന്നിവക്കായുള്ള ഓപ്പൺ തിയറ്റർ, ജലധാരകൾ, ലേസർ ഷോകൾക്കുള്ള സൈറ്റുകൾ, റെസ്റ്റോറന്റുകൾ, മൊബൈൽ ലൈബ്രറികൾ, കുടുംബങ്ങൾക്കുള്ള ഇടങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്കായുള്ള ഇടങ്ങൾ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമാണ്.

10 നിക്ഷേപ സൈറ്റുകളും വിവിധ മേഖലകളിലെ ഉപഭോക്തൃ കരാറുകൾക്കായുള്ള 50 സൈറ്റുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ പദ്ധതി പ്രതിവർഷം 944,000 വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുമെന്നും സ്ഥിരവും താൽക്കാലികവുമായ തൊഴിലവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.

നിസ്‌വയിലെ പൊതുഗതാഗത ബസുകൾക്കും ടാക്‌സികൾക്കുമായി സംയോജിത സ്റ്റേഷൻ പദ്ധതിയെ കുറിച്ചും അൽ ഹജ്‌രി വിവരങ്ങൾ പങ്കുവെച്ചു. ഒമാനി ട്രാൻസ്പോർട്ട് കമ്പനിയുമായി (എംവാസലാത്ത്) ഏകോപിപ്പിച്ച് സ്വകാര്യ മേഖലയുടെ നിക്ഷേപത്തിനുള്ള വികസന പ്ലാറ്റ്ഫോമിലാണ് പദ്ധതി അവതരിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തിൽ സ്‌പെഷ്യലൈസ് ചെയ്ത കമ്പനികൾക്കും പദ്ധതി അവതരിപ്പിച്ചതായും പറഞ്ഞു.

11,412 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് സംയോജിത സ്റ്റേഷൻ നിർമിക്കുന്നത്. കൂടാതെ വാണിജ്യ മാർക്കറ്റ്, പാസഞ്ചർ വെയ്റ്റിംഗ് സ്റ്റേഷൻ, പൊതു പാർക്കിംഗ് എന്നിവയും ഉൾപ്പെടുന്നു.

സാമെയിൽ ജനറൽ ഹോസ്പിറ്റൽ പദ്ധതി നടപ്പാക്കുന്ന കമ്പനി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നിസ്‌വ, ബഹ്ല ആശുപത്രികളുമായി സംയോജിപ്പിക്കുന്നതായിരിക്കുമെന്നും സമൈൽ, ഇസ്‌കി, ബിഡ്ബിഡ് സ്‌റ്റേറ്റുകളിൽ സേവനം നൽകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News