ദോഫാർ ഖരീഫ് സീസൺ: ഗൾഫ് നഗരങ്ങളിൽ വിപുലമായ പ്രചാരണവുമായി ഒമാൻ

മിക്ക ഗൾഫ് നഗരങ്ങളും വേനൽചൂടിൽ ചുട്ടുപൊള്ളുന്ന സമയത്താണ് ഒമാനിലെ തന്നെ ദോഫാറിൽ മഴയും തണുപ്പുമായി ഖരീഫ് സീസൺ എത്തുന്നത്

Update: 2025-06-18 10:12 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിൽ ദോഫാർ ഖരീഫ് സീസൺ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. 'നിങ്ങളുടെ വേനൽ ഹരിതമാണ്' എന്ന പേരിലാണ് കാമ്പയിൻ. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദോഫാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. എല്ലാ വർഷവും ജൂൺ 21 മുതൽ ആരംഭിക്കുന്ന ദോഫാർ ഖരീഫ് സീസൺ അതിന്റെ തണുത്ത കാലാവസ്ഥയ്ക്കും പച്ചപുതച്ച പ്രകൃതിഭംഗിക്കും തനതായ സാംസ്‌കാരിക അനുഭവങ്ങൾക്കും പേരുകേട്ടതാണ്. ഈ മേഖലയിലെ കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടുന്നവർക്ക് ദോഫാർ ഉന്മേഷകരമായ ഒരനുഭവമാണ് നൽകുന്നത്.

Advertising
Advertising

പ്രചാരണത്തിന്റെ ഭാഗമായി, ഗൾഫ് നഗരങ്ങളിലെ പ്രധാന ഷോപ്പിംഗ് മാളുകളിൽ മന്ത്രാലയം വിവിധ പ്രൊമോഷണൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിനോദ യാത്രകൾ, പ്രകൃതി പര്യവേക്ഷണങ്ങൾ, പൈതൃക-പുരാവസ്തു കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവയുൾപ്പെടെ ദോഫാറിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രമായ വിവരങ്ങൾ ഈ പരിപാടികളിലൂടെ പൊതുജനങ്ങൾക്ക് വ്യക്തമാക്കി നൽകും. കൂടാതെ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാണെന്ന വിവരവും പ്രചാരണത്തിൽ പ്രധാനമായും എടുത്തുപറയുന്നുണ്ട്. ഇത് യാത്രാ ആസൂത്രണം കൂടുതൽ ലളിതമാക്കാൻ സഹായിക്കും.

ഈ വർഷം ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലും ഖരീഫ് സീസണിലെ പ്രധാന ആകർഷണങ്ങളും പരിപാടികളും ഉയർത്തിക്കാട്ടുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഒമാൻ ഒരു പ്രത്യേക പവലിയൻ ഒരുക്കിയിരുന്നു. ഇതിന് പുറമെ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ നഗരങ്ങളിൽ രണ്ട് വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ദോഫാർ ഗവർണറേറ്റിലെ ടൂറിസം മേഖലയിലെ നിരവധി പങ്കാളികളും ഫ്‌ലൈനാസ്, ഫ്‌ലൈഅദീൽ തുടങ്ങിയ വിമാനക്കമ്പനികളും ഈ വർക്ക്ഷോപ്പുകളിൽ പങ്കെടുത്തു. കുവൈത്തിലും ബഹ്റൈനിലും സമാനമായ പ്രൊമോഷണൽ പ്രവർത്തനങ്ങൾ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.

കേരളത്തിലെ മൺസൂൺ കാലാവസ്ഥയോട് സമാനമായ തണുപ്പും മഴയും ദോഫാർ ഖരീഫ് സീസണിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 2024ൽ പത്ത് ലക്ഷത്തിലധികം സന്ദർശകരാണ് ദോഫാർ ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തിയത്. ഇതിൽ 1.77 ലക്ഷത്തോളം പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഈ വർഷം സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News