'ഷോ ഓഫിനുള്ള ഇടമല്ല പ്രകൃതി'; വാഹനമോടിച്ച് സലാലയിലെ പച്ചപ്പ് നശിപ്പിച്ച ഡ്രൈവർക്കെതിരെ നടപടി

ഇത്തീനിൽ അഭ്യാസ പ്രകടനം നടത്തിയ വാഹനം പരിസ്ഥിതി അതോറിറ്റി പിടിച്ചെടുത്തു

Update: 2025-08-04 09:50 GMT

സലാല: ദോഫാറിലെ പച്ചപ്പ് നശിപ്പിച്ച ഡ്രൈവർക്കെതിരെ പരിസ്ഥിതി അതോറിറ്റിയുടെ നിയമനടപടി. സലാലയിലെ ഇത്തീൻ പ്രദേശത്തെ ഹരിത പ്രദേശങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ ആൾക്കെതിരെയാണ് നടപടി. അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സഹിതമാണ് അതോറിറ്റി നിയമനടപടി സ്വീകരിക്കുന്നതായി അറിയിച്ചത്.

ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥർ ഗൾഫ് ലൈസൻസ് പ്ലേറ്റുള്ള ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പച്ചപ്പിന് മുകളിലൂടെ വാഹനമോടിച്ച് പ്രകൃതിദത്ത സസ്യങ്ങൾക്കും ചുറ്റുമുള്ള ഭൂപ്രകൃതിക്കും നാശമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി.

ഡ്രൈവർക്കെതിരെ റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്, നിയമ നടപടികൾ പുരോഗമിക്കുകയാണ്. 'പ്രകൃതി പ്രകടന പരത കാണിക്കാനുള്ള ഇടമല്ല! ഹരിത ഇടങ്ങളിൽ അതിക്രമിച്ചു കടക്കുന്നത് ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യത്തിന് ഭീഷണിയാകുകയും ചെയ്യും' പരിസ്ഥിതി അതോറിറ്റി ഓർമിപ്പിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News