ആദ്യ മുസന്ദം ഇന്റർനാഷണൽ ഡൈവിംഗ് ഫെസ്റ്റിവൽ ഇന്നുമുതൽ
ഖസബ് വിലായത്തിലെ ബസ്സ ബീച്ചിലാണ് നാല് ദിവസത്തെ പരിപാടി
മസ്‌കത്ത്: മുസന്ദം ഗവർണറേറ്റ് ആദ്യമായി സംഘടിപ്പിക്കുന്ന മുസന്ദം ഇന്റർനാഷണൽ ഡൈവിംഗ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. ഖസബ് വിലായത്തിലെ ബസ്സ ബീച്ചിലാണ് നാല് ദിവസത്തെ പരിപാടി. ഒമാനിൽ നിന്നും രാജ്യത്തിന് പുറത്തുനിന്നുമുള്ള പ്രൊഫഷണൽ ഡൈവർമാർ പങ്കെടുക്കും. ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങൾ പരിപാടിക്കെത്തും.
ഒമാന്റെ വിഷൻ 2040 ന് അനുസൃതമായി, സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക, സമുദ്ര മേന്മകൾ പ്രദർശിപ്പിക്കുന്നതിനുമുള്ള ഗവർണറേറ്റിന്റെ പ്രതിബദ്ധതയാണ് ഫെസ്റ്റിവലിലൂടെ കാണുന്നതെന്ന് മുസന്ദം ഗവർണറുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദ്ഘാടന പതിപ്പിൽ പ്രൊഫഷണൽ ഡൈവർമാർ മുതൽ കുടുംബങ്ങളും കുട്ടികളും വരെ എല്ലാവരെയും ആകർഷിക്കുന്ന പരിപാടികൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുസന്ദത്തിന്റെ സമുദ്രജീവിതം പകർത്തുന്ന അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മത്സരം, ഖോർ ഖദയിലെ ശാന്തമായ ജലാശയങ്ങളിലൂടെയുള്ള കയാക്ക് ഓട്ടം, ഫ്രീ-ഡൈവിംഗ് മത്സരം എന്നിവയാണ് പ്രധാന പരിപാടികൾ. ഡൈവിംഗിലും അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയിലും അംഗീകാരങ്ങൾ ലഭിച്ച അന്താരാഷ്ട്ര ഡൈവർമാർ, ആഴക്കടൽ വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക വർക്ക്‌ഷോപ്പുകളിലും ദൈനംദിന ചർച്ചാ സെഷനുകളിലും പങ്കെടുക്കും.
മുസന്ദം കടലിലെ ഏറ്റവും ആഴമേറിയ സ്ഥലത്തേക്കുള്ള ഡൈവ്, പവിഴപ്പുറ്റുകൾ നടുന്നതിനുള്ള കാമ്പയിൻ, പര്യവേക്ഷണ ഡൈവിംഗ് സാഹസികതകൾ എന്നിവയുൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളും ഫെസ്റ്റിവലിൽ നടക്കും. മത്സ്യബന്ധന മത്സരങ്ങൾ, നിധി വേട്ട, മേഖലയിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശുചീകരണ കാമ്പയിൻ എന്നിവയിലും സന്ദർശകർക്ക് പങ്കെടുക്കാം.