ഹഫീത്ത് റെയിൽ- തന്ത്രപരമായ കരാറുകളിൽ ഒപ്പുവെച്ചു
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
മസ്‌കത്ത്: ഒമാനും യു.എ.ഇയും തമ്മിലുള്ള റെയിൽവേ പദ്ധതിയായ 'ഹഫീത്ത് റെയിലിന്' ഗതിവേഗം പകരാൻ തന്ത്രപരമായ കരാറുകളിൽ ഒപ്പുവെച്ചു. ഒമാനിൽ നിന്ന് യുഎഇയിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനായി എംസ്റ്റീലുമായി ദീർഘകാല വാണിജ്യ കരാർ ഉൾപ്പടെ നിരവധി കരാറുകളിലാണ് ഒപ്പുവെച്ചത്. സുഹാറിൽ വെച്ചായിരുന്നു കരാർ ഒപ്പിട്ടത്.
സുൽത്താനേറ്റിൽ റെയിൽവേ സൗകര്യങ്ങൾ രൂപകൽപന ചെയ്യുന്നതിനും നിർമിക്കുന്നതിനുമായി ലാർസൺ ആൻഡ് ടൂബ്രോ, പവർചൈന എന്നിവയുമായി രണ്ട് പ്രധാന കരാറുകളിലും എത്തിയിട്ടുണ്ട്. ചരക്ക് വാഗണുകൾക്കായി ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി ഒപ്പിട്ടതാണ് മറ്റൊരു കരാർ. പദ്ധതിക്ക് ഹെവി ചരക്ക് ലോക്കോമോട്ടീവുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കഴിഞ്ഞ ഒക്ടോബറിൽ കരാർ ഒപ്പിട്ടിരുന്നു. റെയിലിന്റെ നിർമാണങ്ങൾക്ക് കരുത്ത് പകർന്ന് സാമ്പത്തിക കരാറുകളിലും അധികൃതർ ഒപ്പുവെച്ചിരുന്നു.
അതേസമയം, ഹഫീത്ത് റെയിലിന്റെ നിർമണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് 2022ൽ ആണ് കരാർ ഒപ്പിട്ടത്. മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക.