ഇന്ന് രാവിലെ മുതൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യത

വ്യാഴാഴ്ച വൈകുന്നേരം വരെ ദോഫാർ, അൽ വുസ്ത, നോർത്ത് ഷർഖിയ ഗവർണറേറ്റുകളിൽ മഴക്കും കാറ്റിനും സാധ്യത

Update: 2025-08-20 06:55 GMT

മസ്‌കത്ത്: ആഗസ്റ്റ് 20 ബുധനാഴ്ച രാവിലെ 10 മണി മുതൽ 21 വ്യാഴാഴ്ച വൈകുന്നേരം നാല് മണി വരെ ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ്. മൂന്നാം നമ്പർ മുന്നറിയിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദോഫാർ, അൽ വുസ്ത, നോർത്ത് ഷർഖിയ എന്നീ ഗവർണറേറ്റുകളിൽ 20 മുതൽ 50 മില്ലിമീറ്റർ വരെയുള്ള കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് സെന്റർ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറഞ്ഞു. ഇത് വാദികളുടെയും അരുവികളുടെയും ഒഴുക്കിന് കാരണമായേക്കാമെന്നും അറിയിച്ചു.

Advertising
Advertising

'സൗത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കും ഇടയ്ക്കിടെയുള്ള ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴയുള്ള സമയത്ത് മുൻകരുതലുകൾ എടുക്കണമെന്നും, വാദികൾ മുറിച്ചുകടക്കരുതെന്നും, താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും കപ്പൽ യാത്ര ചെയ്യരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവരോടും നിർദേശിക്കുന്നു' മുന്നറിയിപ്പിൽ പറഞ്ഞു.


കനത്ത മഴയ്ക്കൊപ്പം, അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ 15 മുതൽ 45 നോട്ട് (മണിക്കൂറിൽ 28 മുതൽ 83 കിലോമീറ്റർ) വേഗതയിൽ ശക്തമായ കാറ്റിനും 3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പ്രവചിക്കുന്നു. കനത്ത മഴയും പൊടിപടലവും ഉള്ള സമയങ്ങളിൽ ദൂരക്കാഴ്ച കുറഞ്ഞേക്കാമെന്നും അധികൃതർ പറഞ്ഞു. മഴ കനക്കുന്ന സാഹചര്യത്തിൽ സലാല ഇന്ത്യൻ സ്‌കൂളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News