ഒമാനിലെ നിരവധി ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യത
മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കത്ത്: ആഗസ്റ്റ് 22 വരെ ഒമാന്റെ പല ഭാഗങ്ങളിലും മഴ, ഇടിമിന്നൽ, കടൽക്ഷോഭം എന്നിവ ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ടാമത്തെ കാലാവസ്ഥാ റിപ്പോർട്ടിലൂടെയാണ് ഒമാനിലുടനീളം അസ്ഥിര കാലാവസ്ഥയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്. മിക്ക ഗവർണറേറ്റുകളിലും മേഘ രൂപീകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്റർ അറിയിക്കുന്നത്.
വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലോടുകൂടി മഴയ്ക്കും സാധ്യതയുണ്ട്. അൽ വുസ്ത, ദോഫാർ, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ എന്നിവിടങ്ങളെയും ദാഹിറയുടെ ചില ഭാഗങ്ങളെയും ഇവ ബാധിക്കും.
ഇന്ന് അൽ വുസ്ത, ദോഫാർ, സൗത്ത് - നോർത്ത് ഷർഖിയ, ദാഖിലിയ എന്നിവിടങ്ങളും ദാഹിറയുടെ ചില ഭാഗങ്ങളും മേഘാവൃതവമായിരിക്കുമെന്നും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും ഇടിമിന്നലുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ 10 മുതൽ 35 മില്ലിമീറ്റർ വരെ മഴ ശക്തമാകുമെന്നും വാദികളിൽ ജലപ്രവാഹമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 20 മുതൽ 45 നോട്ട് (37-83 കിലോമീറ്റർ/മണിക്കൂർ) വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ബുധനാഴ്ച മിക്ക ഗവർണറേറ്റുകളും മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് സൗത്ത്, നോർത്ത് ഷർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ. 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം, ശക്തമായ കാറ്റ്, ദൂരക്കാഴ്ച കുറയുക, കടൽ പ്രക്ഷുബ്ധമാകുക എന്നിവ പ്രതീക്ഷിക്കാം.
വ്യാഴാഴ്ച മുതൽ വെള്ളി വരെ, പല ഗവർണറേറ്റുകളിലും 15 മുതൽ 40 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്, ഇത് വാദികൾ നിറഞ്ഞൊഴുകാൻ കാരണമാകും. മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കപ്പൽ യാത്രയ്ക്ക് മുമ്പ് കടൽ സാഹചര്യങ്ങൾ പരിശോധിക്കണമെന്നും, എല്ലാ ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകളും ഉപദേശങ്ങളും പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.