ഒമാനിൽ വൻ പുരാവസ്തു കണ്ടെത്തൽ
വെങ്കലയുഗ ശ്മശാനം, സങ്കീർണ ശിലാകലകൾ, ട്രൈലിത്തുകൾ തുടങ്ങിയവയാണ് ഗവേഷണത്തിൽ കണ്ടെത്തിയത്
മസ്‌കത്ത്:ഒമാനി പുരാവസ്തുഗവേഷണത്തിൽ മുന്നേറ്റം നൽകി ജഅലാൻ മേഖലയുടെ പടിഞ്ഞാറൻ ഭാഗത്ത് വൻ പുരാവസ്തു കണ്ടെത്തൽ. വെങ്കലയുഗ ശ്മശാനം, സങ്കീർണ ശിലാകലകൾ, ട്രൈലിത്തുകൾ തുടങ്ങിയവയാണ് യുനെസ്‌കോയുടെ ലോക പൈതൃക വിദഗ്ധനായ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ (എസ്‌ക്യു) പ്രൊഫസർ നാസർ അൽ ജഹ്‌വാരിയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്.
പ്രൊഫസർ അൽ ജഹ്‌വാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ദി ആർക്കിയോളജിക്കൽ ലാൻഡ്സ്‌കേപ്പ് ഓഫ് ജഅലാൻ റീജിയൻ, സുൽത്താനേറ്റ് ഓഫ് ഒമാനി'ലാണ് കണ്ടെത്തലുകൾ പുറത്തുവിട്ടത്. വെങ്കലയുഗ ശ്മശാനങ്ങൾ, സങ്കീർണ ശിലാകലകൾ, ട്രൈലിത്തുകൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയതായി പുസ്തകത്തിൽ വ്യക്തമാക്കി. ചരിത്രാതീത കാലത്തെ സമുദായങ്ങളുടെ ശവസംസ്‌കാര രീതികളെയും വിശ്വാസങ്ങളെയും കുറിച്ച് സുപ്രധാന വിവരങ്ങൾ നൽകുന്ന നിരവധി ശ്മശാനങ്ങൾ ഉത്ഖനന വേളയിൽ കണ്ടെത്തി.
സൈറ്റുകളിൽ സങ്കീർണ കൊത്തുപണികളും ഡ്രോയിംഗുകളും കണ്ടെത്തി. ആദ്യകാല സമൂഹങ്ങളുടെ കലാപരമായ ആവിഷ്‌കാരങ്ങളിലേക്കും പ്രതീകാത്മക ആശയവിനിമയങ്ങളിലേക്കും വാതിൽ തുറക്കുന്നതാണ് ഇവ.
ട്രൈലിത്തുകൾ (മെഗാലിത്തിക് ഘടനകൾ) നൂതന നിർമാണ സാങ്കേതിക വിദ്യകളോ ഒരുപക്ഷേ ആചാരപരമായ അല്ലെങ്കിൽ ജ്യോതിശാസ്ത്രപരമായ ആവശ്യങ്ങൾക്കായി തയ്യാറാക്കിയതോ ആണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ജബൽ ഖഹ്‌വാനും വാദി അൽ ബത്തയ്ക്കും ചുറ്റുമുള്ള ജലൻ ബാനി ബു ഹസ്സനും അൽ കാമിൽ വാ അൽ വാഫിക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്.
ശിലായുഗം, വെങ്കല യുഗം, ഇരുമ്പ് യുഗം, ഇസ്‌ലാമിന് മുമ്പുള്ള കാലം, ഇസ്‌ലാമിക കാലഘട്ടം എന്നിവ ഉൾക്കൊള്ളുന്നതാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഗവേഷണ കാലഘട്ടം. ഗവേഷകനായ അൽ ജഹ്‌വാരി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ആർട്സ് & സോഷ്യൽ സയൻസസിലെ പുരാവസ്തു വകുപ്പിലെ പ്രൊഫസറാണ്. 30 വർഷത്തെ അനുഭവപരിചയമുള്ള അൽ ജഹ്‌വാരി ഫീൽഡ് ആർക്കിയോളജി, ലാൻഡ്സ്‌കേപ്പ് ആർക്കിയോളജി, പ്രീ ഹിസ്റ്ററി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
114 രൂപങ്ങളും ചിത്രങ്ങളും ഭൂപടങ്ങളും 76 സ്റ്റാറ്റിസ്റ്റിക്കൽ, ചിത്രീകരണ പട്ടികകളും ഉൾക്കൊള്ളുന്ന 300ലധികം പേജുള്ള പുസ്തകം പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിൽ (പ്രധാന കെട്ടിടം) ലഭ്യമാണ്.