ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ കേരളോത്സവം ഇന്ന്, പ്രവാസ കൈരളി സാഹിത്യ പുരസ്കാരം പി.എഫ് മാത്യുസിന് സമ്മാനിക്കും

Update: 2025-10-31 09:05 GMT
Editor : razinabdulazeez | By : Web Desk

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ കേരളോത്സവം ഇന്ന് വൈകിട്ട് ദാര്‍സൈത്തിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മള്‍ട്ടി പര്‍പ്പസ് ഹാളില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരുന്ന കേരളോത്സവത്തില്‍ സമ്മാനിക്കുന്ന പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരത്തിന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി എഫ് മാത്യുസാണ് ഇത്തവണ അര്‍ഹനായിരിക്കുന്നത്.

കുട്ടിസ്രാങ്ക്, ഇ മൈ യൌ, അതിരന്‍, തന്ത്രം, പുത്രന്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ തിരക്കഥകള്‍ ആണ്. 2020ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടിയാള പ്രേതം എന്ന നോവലിന് ലഭിച്ചിട്ടുണ്ട്. മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരവും ഈ നോവലിന് തന്നെയാണ് നല്‍കുന്നതെന്നും കമ്മിറ്റി അറിയിച്ചു. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കപ്പെടുന്ന കേരളോത്സവം പരിപാടിയില്‍ വെച്ച് പുരസ്‌കാരം പി എഫ് മാത്യുസിന് സമ്മാനിക്കും.

നവംബര്‍ ഒന്നിന് മലയാളം വിഭാഗം ഓഫീസില്‍ വെച്ച് സിനിമയും സാഹിത്യവും, തിരക്കഥാ രചനയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ എന്ന വിഷയത്തെകുറിച്ച് സാഹിത്യ ചര്‍ച്ചയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോകണ്‍വീനര്‍ രമ്യാ ഡെന്‍സില്‍, സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍ കുമാര്‍ കൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പാപ്പച്ചന്‍ ഡാനിയേല്‍ മറ്റു ഭാരവാഹികളായ അനീഷ് പിള്ളൈ, ടീന ബാബു, സജീമോന്‍, സതീഷ് കുമാര്‍, വിനോജ് വില്‍സണ്‍, കൃഷ്‌ണേന്തു എന്നിവരും പങ്കെടുത്തു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News