ഐ.ഒ.സി സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പരിപാടി
Update: 2025-02-02 12:10 GMT
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് സലാലയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഐഒസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. ഹരികുമാർ ഓച്ചിറ, ഫിറോസ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
ഐഒസി പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. രക്തബാങ്ക് ജീവനക്കാർ നേതൃത്വം നൽകി. സുഹാന മുസ്തഫ, ഷബീന ഫിറോസ്, ബെറ്റി മോൾ സജീവ്, സുബിന അനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.