ഒമാൻ ടൂർ‌; നാലാം ഏകദിനത്തിൽ ഒമാനെതിരെ കേരളത്തിന് തോൽവി

പരമ്പര 2-2 ന് സമനിലയിൽ

Update: 2025-04-27 14:47 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: കേരള ടീമിന്റെ ഒമാൻ ടൂറിന്റെ ഭാ​ഗമായുള്ള അവസാന ഏകദിനത്തിൽ കേരളത്തിന് തോൽവി. അഞ്ച് വിക്കറ്റിനാണ് ഒമാന്റെ ജയം. ഇതോടെ നാല് ഏകദിനമുള്ള പരമ്പര ഇരുടീമുകളും രണ്ട് വീതം കളികൾ ജയിച്ച് സമനിലയിൽ അവസാനിച്ചു. മുഹമ്മദ് നദീമിന്റെയും മുജീബ് ഉർ അലിയുടെയും തകർപ്പനടിയിലാണ് ഒമാൻ അനായാസം ജയിച്ചുകയറിയത്. കേരളം ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം 44 ഓവറിൽ ഒമാൻ മറികടന്നു.

കേരളം മുന്നോട്ടുവെച്ച വലുതല്ലാത്ത സ്കോർ മറികടക്കാം എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഒമാൻ മറുപടി ബാറ്റിങ് ആരംഭിച്ചത്. ഓപ്പണർമാർ മികച്ച തുടക്കം നൽകി. വിക്കറ്റ് നഷ്ടപ്പെടുത്താതെ റൺ പതുക്കെ ഉയർത്തുക എന്നതായിരുന്നു ഒമാന്റെ തന്ത്രം. തുടക്കത്തിൽ ഇത് വിജയം കാണുകയും ചെയ്തു. ടീം 31 ൽ നിൽക്കെയാണ് ഒമാന് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. 13 റൺസിൽ നിൽക്കെ കേരള താരം റോജർ, ഒമാൻ ഓപ്പണർ ഖലീമിനെ കൂടാരം കയറ്റി. പൃഥ്വി മാച്ചിയും ഹമ്മദ് മിർസയും ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും 14-ാം ഓവറിൽ മാച്ചി പോയതോടെ ഒമാൻ ഒന്നു പതറി. എന്നാൽ സ്ഥിരതയോടെ ബാറ്റ് വീശിയ ഹമീദ് മിർസ ഒമാന് പ്രതീക്ഷനൽകി റൺ ഉയർത്തി. 20- ാം ഓവറിൽ 31 റൺസെടുത്ത് മിർസ കൂടാരം കയറിയപ്പോഴും ഒരറ്റത്ത് മുജീബ് ഉർ അലിയുണ്ടായിരുന്നു. പിന്നീട് മുജീബും മുഹമ്മദ് നദീമും ചേർന്ന് റൺ ഉയർത്തി. ടീം 186ൽ നിൽക്കെ മുജീബിന്റെ വിക്കറ്റ് തെറിച്ചെങ്കിലും ഒമാൻ സേഫ് സോണിൽ എത്തിയിരുന്നു. കളി ജയിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ മു​​ഹമ്മദ് നദീം ആയിരുന്നു ഒമാന്റെ ബലം. 71 റൺസ് സംഭാവന ചെയ്തും കളി ജയിപ്പിച്ചുമാണ് നദീം ക്രീസ് വിട്ടത്. കേരളത്തിന് വേണ്ടി ഷോൺ റോജർ രണ്ട് വിക്കറ്റും ഏദൻ ആപ്പിൾ ടോം, അ​ഹമദ് ഇമ്രാൻ, നിദീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Advertising
Advertising

കേരള നിരയിൽ ഷോൺ റോജർ മാത്രമാണ് ഫോം കണ്ടെത്തിയത്. 96 പന്തിൽ 76 റൺസാണ് റോജറിന്റെ സംഭാവന. അഭിഷേക് നായർ 32 ഉം പരമ്പരയിൽ രണ്ട് സെഞ്ച്വുറിയുമായി തകർപ്പൻ ഫോമിൽ നിൽക്കുന്ന രോഹൻ കുന്നുമ്മൽ 28 റൺസ് സ്കോർബോർഡിൽ നൽകി കൂടാരം കയറിയതുമാണ് ചെറിയ സ്കോറിൽ കേരളം ഒതുങ്ങാൻ കാരണം. തുടക്കത്തിൽ നന്നായി ബാറ്റ് വീശിയ കേരളത്തിന്റെ പതനം തുടങ്ങുന്നത് ഒമ്പതാം ഓവർ മുതലാണ്. തകർത്തടിച്ച് നിൽക്കുന്ന പ്രതാപ് നായരെ പുറത്താക്കി അഹമദ് ഒമാന്റെ ആത്മവിശ്വാസം കൂട്ടി. പതിനൊന്നാം ഓവറിൽ രോഹനെ കൂടി പുറത്താക്കി അഹമദ് വീണ്ടും ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ കേരള ക്യാപ്റ്റൻ അസഹ്റുദ്ദീനും 13 റൺസിൽ നിൽക്കെ കൂടാരം കയറി. തുടർന്നുള്ള രണ്ട് ഓവറുകളിലും തുടരെ ഒമാൻ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. പത്ത് മുതൽ‌ പതിനാല് ഓവർ വരെ ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന്റെ പ്രധാനപ്പെട്ട നാല് വിക്കറ്റുകളാണ് തെറിച്ചത്. എന്നാൽ പിന്നീട് അക്ഷയ് മനോഹറും ഷോൺ റോജറും ഒരു മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. അത് അവസാനിക്കുന്നത് 38-ാം ഓവറിൽ ടീം 203 ൽ നിൽക്കവെയാണ്. റോജർ പോയതോടെ പിന്നീട് ക്രീസിലെത്തിയവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 47.3 ഓവറിൽ 233 റൺസിൽ കേരളത്തിന്റെ ബാറ്റിങ് നിര എല്ലാവരും കൂടാരം കയറി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News