'മാൽ' കാർഡ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല: സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

അനധികൃത സ്ഥാപനങ്ങളിൽനിന്നോ വ്യക്തികളിൽനിന്നോ 'മാൽ' കാർഡ് തരപ്പെടുത്താൻ പൊതുജനങ്ങൾ ശ്രമിക്കരുതെന്നും സി.ബി.ഒ

Update: 2025-10-13 15:52 GMT

മസ്‌കത്ത്: ഒമാന്റെ നാഷനൽ പേയ്‌മെന്റ് കാർഡായ 'മാൽ' കാർഡ് ഇതുവരെ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന മറ്റുവിവരങ്ങൾ ശരിയല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

'മാൽ' കാർഡ് തയാറായാൽ പുറത്തിറക്കുന്ന തീയതി ഔദ്യാഗികമായി പൊതുജനങ്ങളെ അറിയിക്കും. ലൈസൻസുള്ള കമേഴ്‌സ്യൽ ബാങ്കുകൾ വഴിയും ബാങ്കുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പേയ്‌മെന്റ് സർവീസ് ദാതാക്കളിലൂടെയും മാത്രമേ 'മാൽ' കാർഡ് ലഭിക്കുകയുള്ളൂ 'മാൽ' കാർഡ് വാഗ്ദാനം ചെയ്യുന്ന അനധികൃത സ്ഥാപനങ്ങളിൽനിന്നോ വ്യക്തികളിൽനിന്നോ കാർഡ് തരപ്പെടുത്താൻ പൊതുജനങ്ങൾ ശ്രമിക്കരുതെന്നും സി.ബി.ഒ വ്യക്തമാക്കി. ഇങ്ങനെ ബന്ധപ്പെടുന്നവരുടെ കെണിയിൽ അകപ്പെടരുതെന്നും വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നും സിബിഒ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ പണമിടപാട് മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഒമാന്റെ സംരംഭമാണ് 'മാൽ' എന്നറിയപ്പെടുന്ന പേയ്‌മെന്റ് കാർഡുകൾ. ദേശീയ പേയ്‌മെന്റ് സംവിധാനമായ ഒമാൻ നെറ്റിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് മാൽ പുറത്തിറക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News