Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ ഇബ്രയിലെ സയന്റിഫിക് ഡിസ്കവറി സെന്ററിൽ ഉൽക്കാശില പ്രദർശനത്തിന് തുടക്കമായി. അപൂർവവും വ്യത്യസ്തവുമായ ഉൽക്കാശിലകളുടെ ശേഖരം പ്രദർശനത്തിലുണ്ട്. ജ്യോതിശാസ്ത്ര പഠിതാക്കൾക്കും ബഹിരാകാശ പ്രേമികൾക്കും മികച്ച അനുഭവം സമ്മാനിക്കുന്ന പ്രദർശനം 2026 മാർച്ച് ഒന്നുവരെ നീണ്ടുനിൽക്കും.
വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എഡ്യൂക്കേഷനുമായി സഹകരിച്ച് നടക്കുന്ന എക്സിബിഷന്റെ നാലാമത് പതിപ്പ് പൈതൃക-ടൂറിസം മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയ യുറൈലൈറ്റ് ഉൽക്കാശിലയും, 2010ൽ അൽ വുസ്ത ഗവർണറേറ്റിൽ പതിച്ച യൂക്രൈറ്റ് ഉൽക്കാശിലയും പ്രദർശിപ്പിച്ചിട്ടുണ്ട്. സുൽത്താനേറ്റിലെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഉൽക്കാശില വീഴ്ചയുടെ ഭാഗമായ ജിദ്ദത്ത് അൽ ഹരാസിസ് 91 ഉൽക്കാശിലയെ സ്പർശിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും. അസാധാരണ ഉൽക്കാശില സാമ്പിളുകളെക്കുറിച്ച് അറിയാനുള്ള അവസരം സന്ദർശകർക്ക് ഇത് നൽകും. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും താൽപര്യമുള്ള വ്യക്തികൾക്കും ഉൽക്കാശിലകളുടെ ലോകം പര്യവേക്ഷണം ചെയ്യാനും അവയുടെ ശാസ്ത്രത്തിലേക്ക് ആഴ്ന്നിറങ്ങാനും പ്രദർശനം സഹായിക്കും.