ഒമാനിലെ തൊഴിൽ പരാതികളിൽ കൂടുതലും ഏകപക്ഷീയ പിരിച്ചുവിടലും പദ്ധതി അടച്ചുപൂട്ടലുമാണെന്ന് റിപ്പോർട്ട്

തൊഴിൽ മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷ വേളയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്

Update: 2025-05-04 15:18 GMT

മസ്‌കത്ത്: ഒമാനിലെ തൊഴിൽ പരാതികളിൽ കൂടുതലും ഏകപക്ഷീയമായ പിരിച്ചുവിടലും പദ്ധതികൾ അടച്ചുപൂട്ടലുകളുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ട്. സുൽത്താനേറ്റിന്റെ തൊഴിൽ ശക്തിയെ സംബന്ധിച്ച് ഇത് പ്രധാന ആശങ്കയാണെന്നു ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.

തൊഴിലാളികളിൽ നിന്ന് ലഭിച്ച പരാതികളിൽ ഭൂരിഭാഗവും സാധുവായ ന്യായീകരണമില്ലാതെ തൊഴിലുടമകൾ ഏകപക്ഷീയമായി തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ടിലുണ്ട്. പദ്ധതി പൂർത്തീകരണം, പാപ്പരത്തം, ലിക്വിഡേഷൻ എന്നിവയുടെ ഫലമായുണ്ടാകുന്ന കരാർ പിരിച്ചുവിടലുകൾ സുൽത്താനേറ്റിന്റെ തൊഴിൽ ശക്തിയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്കകളാണെന്നും ചൂണ്ടിക്കാട്ടുന്നു. കമ്പനി പാപ്പരത്തം/ലിക്വിഡേഷൻ എന്നിവ കാരണം കരാർ അവസാനിപ്പിക്കൽ, വേതനവും ബോണസും അടക്കാതിരിക്കുകയോ വൈകി അടയ്ക്കുകയോ ചെയ്യുക, തൊഴിൽ സുരക്ഷയും ആരോഗ്യ ചട്ടങ്ങളും പാലിക്കാത്തത്, ഒമാനി ജീവനക്കാരെ അവരുടെ കരാറുകളിൽ വ്യക്തമാക്കിയിട്ടില്ലാത്ത വ്യത്യസ്ത ജോലി സ്ഥലങ്ങളിലേക്ക് മാറ്റുക എന്നിവയാണ് മറ്റ് പ്രധാന പ്രശ്‌നങ്ങൾ.

തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബയോവൈന്റെ രക്ഷാകർതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷ വേളയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പുതിയ ഡിജിറ്റൽ ട്രേഡ് യൂനിയൻ ഡാറ്റ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ആന്തരിക നടപടികൾ കാര്യക്ഷമമാക്കുക, രാജ്യവ്യാപക തൊഴിൽ ഡാറ്റ ഏകീകരണം മെച്ചപ്പെടുത്തുക, ആശയവിനിമയം മെച്ചപ്പെടുത്തുക, ഒമാനിലുടനീളമുള്ള ട്രേഡ് യൂണിയനുകളുടെ ഭരണത്തിൽ കൂടുതൽ സുതാര്യത വളർത്തുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News