ഗതാഗതക്കുരുക്ക് കുറയ്ക്കും, സീബ് വിലായത്തിൽ പുതിയ സർവീസ് റോഡ് തുറന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി
അൽ ബഹ്ജ സെന്ററിന് എതിർവശത്തായി പുതിയ റോഡ് തുറന്നത്
മസ്കത്ത്: ഒമാനിലെ സീബ് വിലായത്തിൽ പുതിയ സർവീസ് റോഡ് തുറന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി. ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് സീബ് വിലായത്തിലെ അൽ ബഹ്ജ സെന്ററിന് എതിർവശത്തായി പുതിയ റോഡ് തുറന്നത്. പുതിയ റോഡ് തുറന്നത് വാഹനമോടിക്കുന്നവരുടെ സുരക്ഷ വർധിപ്പിക്കാൻ സഹായകമാവുമെന്ന് അധികൃതർ പറഞ്ഞു. അൽ മവാലഹ് ഇന്റർസെക്ഷനിലേക്കുള്ള സർവീസ് റോഡിലെ എക്സിറ്റ് പ്രത്യേകം വേർതിരിച്ചത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സീബ് വിലായത്തിലേക്ക് തിരിച്ചുപോകുന്ന വാഹനങ്ങൾക്കായി ഒരു പ്രത്യേക മടക്കപാത ഒരുക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് പരിഹരിക്കാനും യാത്ര സുഗമമാക്കാനും അപകട സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.