മസ്കത്ത് നൈറ്റ്സ് 2026; ആഘോഷമാക്കി15 ലക്ഷത്തിലധികം സന്ദർശകർ
സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത് 8.4 കോടി പേർ
മസ്കത്ത്: ഒമാന്റെ തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി മസ്കത്ത് നൈറ്റ്സ് 2026 വൻ വിജയത്തിലേക്ക്. ജനുവരി 1ന് ആരംഭിച്ച സാംസ്കാരിക-വിനോദ മോളയിൽ ഇത് വരെ എത്തിയത് 15 ലക്ഷത്തിലധികം സന്ദർശകരെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഡിജിറ്റൽ ഇടപാടിലും കുതിപ്പ് തുടരുകയാണ്. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ 8.4 കോടി പേർ മേള തത്സമയം വീക്ഷിച്ചു. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഏകദേശം 1.03 കോടി ആളുകളിലേക്ക് മേളയുടെ വിശേഷങ്ങൾ പങ്കുവെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
സാംസ്‌കാരിക, കലാ, കായിക, വിനോദ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയാണ് ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ മസ്കത്തിലെ എട്ട് പ്രധാന വേദികളിലായി നടക്കുന്നത്. ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത്, സീബ് ബീച്ച്, ഖുറിയാത്ത്, വാദി അൽ ഖൂദ്, പ്രധാന ഷോപ്പിങ് സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളാണ് മസ്‌കത്ത് നൈറ്റ്‌സിന്റെ വേദികൾ.