മുസ്ലിം ലീഗ് നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ അനുസ്മരണം സംഘടിപ്പിച്ചു
മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായിരുന്നു അദ്ദേഹം
സലാല: കെഎംസിസി സലാലയിൽ അന്തരിച്ച മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു. ടൗൺ കെഎംസിസി ഓഫീസിൽ നടന്ന അനുശോചന പരിപാടിയിൽ ആക്ടിങ് പ്രസിഡണ്ട് മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ച, കേരളത്തെ ഒന്നായി കണ്ടയാളാണ് അദ്ദേഹം. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞതായി സംസാരിച്ചവർ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എ.കെ.പവിത്രൻ , ജി. സലീം സേട്ട്, ഹരികുമാർ ഓച്ചിറ, സലീം കൊടുങ്ങല്ലൂർ, അഹമ്മദ് സഖാഫി, മൊയ്തീൻകുട്ടി ഫൈസി കൂടാതെ ഹുസൈൻ കാച്ചിലോടി, ഹമീദ് ഫൈസി, ഷബീർ കാലടി തുടങ്ങിയവർ സംസാരിച്ചു. റഷീദ് കൽപറ്റ സ്വാഗതവും ഷൗക്കത്ത് കോവാർ നന്ദിയും പറഞ്ഞു. മസ്ജിദ് റവാസിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി.