മസ്‌കത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ: വിദേശ വിമാനകമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്
വ്യോമയാന, വാണിജ്യ വരുമാനം വർധിപ്പിക്കാനുള്ള നിരവധി കരാറുകളും പരിഗണനയിൽ
മസ്‌കത്ത്: മസ്‌കത്തിലേക്ക് നേരിട്ടുള്ള സർവീസുകൾക്കായി വിദേശ വിമാനകമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്. ആഗോളതലത്തിലെ വിപുലീകരണം ലക്ഷ്യമിട്ടുള്ള ചർച്ചകൾ സജീവമാക്കിയതായി ഒമാൻ എയർപോർട്ട്സ് സിഇഒ അഹമ്മദ് ബിൻ സയീദ് അൽ അമ്രി പറഞ്ഞു. വ്യോമയാന, വാണിജ്യ വരുമാനം വർധിപ്പിക്കാനുള്ള നിരവധി കരാറുകളും പരിഗണനയിലുണ്ട്.
നിരവധി വിമാനക്കമ്പനികളുമായി നിലവിൽ ചർച്ചകൾ നടന്നുവരികയാണെന്ന് അഹമ്മദ് ബിൻ സയീദ് അൽ അമ്രി വെളിപ്പെടുത്തി. ബുഡാപെസ്റ്റിൽ നിന്നും മറ്റ് യൂറോപ്യൻ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി യൂറോപ്യൻ ബജറ്റ് എയർലൈൻ വിസ് എയറുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് വഴിയോ മറ്റ് യൂറോപ്യൻ നഗരങ്ങൾ വഴിയോ റൂട്ടുകൾ ഉടൻ ആരംഭിക്കുന്നതിനുള്ള നീക്കത്തിലാണെന്നും അമ്രി സൂചിപ്പിച്ചു.
ഒമാനിലെ ചൈനീസ് എംബസിയുമായി ഏകോപിപ്പിച്ച്, ഷാങ്ഹായിൽ നിന്നോ ഗ്വാങ്ഷൂവിൽ നിന്നോ മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്കായി ചൈന ഈസ്റ്റേൺ എയർലൈൻസിനെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയുടെ സാധ്യതകളും നേരിട്ടുള്ള വിമാന സർവീസുകൾക്കായി വിയറ്റ്‌നാമീസ് വിപണിയെക്കുറിച്ചും ഒമാൻ എയർപോർട്ട്സും ഒമാൻ എയറും സംയുക്തമായി പഠിക്കുന്നുണ്ട്.
അതേസമയം ഖരീഫ് സീസണിൽ സലാലയിലേക്ക് വിമാന സർവീസുകൾ വർധിച്ചതും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വർധിച്ചുവരുന്ന താൽപ്പര്യവും മികച്ച സൂചനയായാണ് അധികൃതർ കാണുന്നത്. കഴിഞ്ഞ ദിവസം ഒപ്പുവെച്ച സിംഗപ്പൂരിലെ ചാംഗി വിമാനത്താവളവുമായുള്ള തന്ത്രപരമായ കരാർ വ്യോമയാന, വാണിജ്യ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്നതു കൂടിയാണ്.