ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു
ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ,ഒമാൻ റോയൽ എയർഫോഴ്‌സുമായി സഹകരിച്ചാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്.
ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി കൂടുതൽ വിമാനങ്ങൾ ഒമാനിൽ നിന്ന് സിറിയയിലേക്ക് പോയി
മസ്കത്ത്: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു. ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി കൂടുതൽ വിമാനങ്ങൾ ഒമാനിൽ നിന്ന് സിറിയയിലേക്ക് പോയി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് കാരുണ്യ പ്രവർത്തങ്ങൾ തുടരുന്നത്.
ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ,ഒമാൻ റോയൽ എയർഫോഴ്‌സുമായി സഹകരിച്ചാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്. തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിൽ നിന്നുള്ള ഒരു സേന പങ്കെടുക്കുന്നുണ്ട്. ഒമാനടക്കം വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള കാൽ ലക്ഷത്തോളം ദൗത്യസേനാംഗങ്ങളാണ് ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്. ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആശ്വാസം നൽകുന്നതിനായി ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ സംഭാവനകൾ ക്ഷണിച്ചിട്ടുണ്ട്.
ഇതിനകം നിരവധിയാളുകളാണ് ദുരന്തഭൂമിയിലെ കണ്ണീരൊപ്പാൻ സംഭാവന നൽകിയിരിക്കുന്നത്. അടിയന്തിരമായി രണ്ട് ലക്ഷം റിയാൽ സ്വരൂപിക്കാനാണ് അധികൃതർ ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. താൽപര്യമുള്ള ആളുകൾക്ക് പേയ്‌മെന്റ് മെഷീനുകൾ, എസ്.എം.എസ്, ഇലക്ട്രോണിക് പോർട്ടൽ, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴി സംഭാവന ചെയ്യാവുന്നതാണെന്ന് ഒ.സി.ഒ അറിയിച്ചു.