ഒമാൻ നാടുകടത്തിയത് 810 തൊഴിലാളികളെ

കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയം നടത്തിയത് 1599 പരിശോധനാ കാമ്പയിനുകൾ

Update: 2025-03-13 17:16 GMT

മസ്‌കത്ത്: ഒമാനിൽ അനധികൃത തൊഴിലാളികളെയും തൊഴിൽ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയം നടത്തിയത് 1599 പരിശോധനാ കാമ്പയിനുകൾ. ഇതിന്റെ ഭാഗമായി 810 തൊഴിലാളികളെ നാടുകടത്തി. ദോഫാർ ഗവർണറേറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബറിലെ ജോയിന്റ് ഇൻസ്‌പെക്ഷൻ ടീം ഓഫീസ് വഴിയായിരുന്നു മന്ത്രാലയത്തിന്റെ പരിശോധന.

ദോഫാർ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലൂടെ 3,853 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 499 തൊഴിലാളികൾ ജോലി ഉപേക്ഷിച്ചതായും 768 പേർ രജിസ്റ്റർ ചെയ്ത തൊഴിലുടമകൾക്ക് പുറമെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നതായും കണ്ടെത്തി. സ്വയം തൊഴിൽ ചെയ്യുന്നവരോ താമസാനുമതി കാലാവധി കഴിഞ്ഞവരോ ആയ 1,886 കേസുകളും രജിസ്റ്റർ ചെയ്തു. 453 റിപ്പോർട്ടുകൾ കൂടുതൽ നിയമനടപടികൾക്കായി മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Advertising
Advertising

അതേസമയം, തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപ്പറേഷന്റെ പരിശോധനാ യൂനിറ്റുമായി സഹകരിച്ചാണ് പരിശോധനകൾ. കഴിഞ്ഞ ജനുവരി അഞ്ച് മുതൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷന് ചില ചുമതലകൾ കൂടി നൽകിയിട്ടുണ്ട്. നിയമവിരുദ്ധവും അനധികൃതവുമായ തൊഴിൽ തടയുന്നതിനൊപ്പം നിയമലംഘനങ്ങളുടെ എണ്ണം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഒമാനി തൊഴിലാളികളുടെ തൊഴിൽ സുഗമമാക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News