അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാൻ കാലാവസ്ഥയെ ഏപ്രിൽ 23 മുതൽ 25 വരെ ന്യൂനമർദം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്

Update: 2024-04-20 10:00 GMT

മസ്‌കത്ത്: ഏപ്രിൽ 23, 25 തിയ്യതികളിൽ ഒമാനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ ഇറാനിൽ നിന്നുള്ള കാറ്റ് ബുറൈമിയിലെ വടക്കൻ ഗവർണറേറ്റുകൾ, ദാഖിലിയ, ബാത്തിന, ഷർഖിയ എന്നിവിടങ്ങളെയാണ് കൂടുതൽ ബാധിക്കുക. ഇതിൽ ഇടിമിന്നലോട് കൂടിയ ചാറ്റൽ മഴയും ഉണ്ടാകും. അടുത്ത രണ്ട് ദിവസങ്ങളിൽ ദോഫർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ചെറിയതോതിലോ മധ്യമമായോയുള്ള മഴയ്ക്കും സാധ്യതയുണ്ട്.

ഒമാൻ കാലാവസ്ഥയെ ഏപ്രിൽ 23 മുതൽ 25 വരെ ന്യൂനമർദം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വടക്കൻ ഗവർണറേറ്റുകളിൽ മേഘങ്ങൾ രൂപപ്പെടുമെന്നും ചിതറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

Advertising
Advertising

ഈയിടെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയെ തുടർന്നുണ്ടായ കെടുതികളിൽ 21 പേർ മരിച്ചിരുന്നു. കുട്ടികളടക്കമുള്ളവരാണ് മിന്നൽപ്രളയത്തിൽപ്പെട്ടും അല്ലാതെയും മരിച്ചത്. മഹൗത്ത് വിലായത്തിലെ അൽ-ഷറൈഖ മേഖലയിൽ കാണാതായ സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

അതേസമയം, മുദൈബിയിലെ വാദിയിൽ കാണാതായ വ്യക്തിക്കായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നോർത്ത് ഷർഖിയ ഗവർണറേറ്റിൽ തിരച്ചിൽ തുടരുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News