നാല് വ്യോമഗതാഗത സേവന കരാറുകളിൽ ഒപ്പുവെച്ച് ഒമാൻ
ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക, സാംബിയ, കേപ് വെർഡെ രാജ്യങ്ങളുമായാണ് കരാർ
Update: 2025-11-13 11:13 GMT
മസ്കത്ത്: ഒമാൻ നാല് വ്യോമഗതാഗത സേവന കരാറുകളിൽ ഒപ്പുവെച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക, സാംബിയ, കേപ് വെർഡെ എന്നീ രാജ്യങ്ങളുമായാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ നാല് ഉഭയകക്ഷി വ്യോമഗതാഗത സേവന കരാറുകൾക്ക് ധാരണയായത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്താ കാനയിൽ നടന്ന ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എയർ സർവീസസ് നെഗോഷ്യേഷൻ ഇവന്റിലാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഒമാൻ വിഷൻ 2040-ൽ പരാമർശിക്കുന്ന ഗതാഗത, ലോജിസ്റ്റിക്സ് മേഖലയുടെ വികസനങ്ങൾക്ക് ഈ കരാറുകൾ കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തിന്റെ ആഗോള വ്യോമ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വ്യോമഗതാഗത കരാർ ശൃംഖല വികസിപ്പിക്കുന്നതിനും വാണിജ്യ ടൂറിസ നിക്ഷേപ വിനിമയങ്ങൾ വർധിപ്പിക്കാനും കരാറുകൾക്ക് കഴിഞ്ഞേക്കുമെന്ന് അധികൃതർ കരുതുന്നു.