ഒമാൻ- യുഎഇ ഹഫീത് റെയിൽ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു
ഒമാനിലെ സുഹാർ നഗരത്തെയും യുഎഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയുടെ ദൂരം 238 കിലോമീറ്ററാണ്
മസ്‌കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ ശൃംഖലയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സുഹാർ തുറമുഖം വഴി 3,800-ലധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചിട്ടുണ്ട്. ഒമാനിലെ സുഹാർ നഗരത്തെയും യുഎഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയുടെ ദൂരം 238 കിലോമീറ്ററാണ്.
നിർമാണപ്രവർത്തനങ്ങൾ 50 ശതമാനത്തിലെത്തിയിട്ടുണ്ടെന്ന് ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക് വ്യക്തമാക്കി. അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവനങ്ങളെ ഹഫീത് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം ഹഫീത് റെയിലും അബൂദബി എയർപോർട്ട്‌സും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒമാനും യുഎഇക്കും ഇടയിൽ ഇത്തരത്തിലുള്ള ആദ്യത്തെ എയർ-റെയിൽ ഇടനാഴി സൃഷ്ടിക്കും. ഒമാനും യുഎഇക്കും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സേവനങ്ങൾ നൽകുന്നതിനായി ഹഫീത് റെയിൽ കമ്പനി അസ്‌യാദ് ലോജിസ്റ്റിക്സുമായി കരാറിൽ എത്തിയിട്ടുണ്ട്. ചരക്ക് ഗതാഗതം, തുറമുഖ പ്രവർത്തനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, കാർഗോ ഏകീകരണം എന്നിവ ഈ സമഗ്ര സേവനത്തിൽ ഉൾപ്പെടുന്നു. സുഹാർ തുറമുഖം വഴി 3,800-ലധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചിട്ടുണ്ട്. 25 മീറ്റർ നീളവും മൊത്തം 5,700 മെട്രിക് ടൺ ഭാരവുമുള്ള 3,800-ലധികം ഇ-260-ഗ്രേഡ് ട്രാക്കുകളാാണ് എത്തിച്ചത്.