​പശ്ചിമേഷ്യൻ സംഘർഷങ്ങളിലും തളരാതെ ഒമാൻ സമ്പദ്‌വ്യവസ്ഥ

ഹോർമുസിന് പുറത്തുള്ള കയറ്റുമതി സൗകര്യങ്ങളും തുറമുഖങ്ങളുമാണ് ഒമാന് തുണയാകുന്നത്

Update: 2026-10-13 17:28 GMT

മസ്കത്ത്: പശ്ചി​മേഷ്യൻ സംഘർഷവും ഹോർമുസ്​ പ്രതിസന്ധിയും ഗൾഫ് സമ്പദ്‌വ്യവസ്ഥകൾക്ക് തിരിച്ചടി പ്രവചിക്കുമ്പോൾ പ്രതീക്ഷയുടെ കണക്കുമായി ഒമാൻ. 2026ൽ ജിസിസിയിലെ അഞ്ച് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമ്പോൾ വളർച്ച നിലനിർത്തുന്ന ഏക ജിസിസി രാജ്യമായി ഒമാൻ തുടരുമെന്ന് ഐഎംഎഫ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന് പുറത്തുള്ള കയറ്റുമതി സൗകര്യങ്ങളും തന്ത്രപ്രധാന തുറമുഖങ്ങളുമാണ് പ്രതിസന്ധിക്കിടയിലും ഒമാന് തുണയാകുന്നത്.

മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഐ.എം.എഫിന്റെ പുതിയ കണക്കുകൾ. റിപ്പോർട്ട് പ്രകാരം കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ 16.7 ശതമാനവും ഖത്തറിന്റേത് 15.6 ശതമാനവും ബഹ്റൈന്റേത് 11.3 ശതമാനവും ചുരുങ്ങും. യു.എ.ഇയിൽ 3.9 ശതമാനവും സൗദി അറേബ്യയിൽ 3.3 ശതമാനവും ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, ഈ തകർച്ചയ്ക്കിടയിലും 4.1 ശതമാനം വളർച്ചാ പ്രവചനവുമായി ഒമാൻ വേറിട്ടുനിൽക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ തന്നെ കയറ്റുമതി നടത്താൻ സഹായിക്കുന്ന ഒമാന്റെ തന്ത്രപ്രധാനമായ തുറമുഖ ശൃംഖലകളാണ് രാജ്യത്തിന് ഈ പ്രതിസന്ധി ഘട്ടത്തിലും താങ്ങാകുന്നത്.

Advertising
Advertising

ഹോർമുസിലെ തടസ്സം നീളുന്നത് ഗൾഫ് രാജ്യങ്ങളുടെ വരുമാനത്തിലും കയറ്റുമതിയിലും വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. 2027 മാർച്ച് മാസത്തോടെ ഹോർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി തുറക്കുമെന്നും, അതേവർഷം ഒക്ടോബറോടെ മേഖലയിലെ സാഹചര്യം വീണ്ടെടുക്കാനാകുമെന്നുമാണ് ഐ.എം.എഫ് അനുമാനിക്കുന്നത്. ഇത് യാഥാർഥ്യമായാൽ അടുത്ത വർഷത്തോടെ ഗൾഫ് സമ്പദ്‌വ്യവസ്ഥകളിൽ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ. എണ്ണസമ്പത്ത് മാത്രമല്ല, കയറ്റുമതി പാതകളും പ്രതിസന്ധികളെ നേരിടാനുള്ള ശേഷിയും രാജ്യങ്ങളുടെ സാമ്പത്തിക ഭാവി നിർണയിക്കുമെന്ന സന്ദേശമാണ് ഐഎംഎഫ് റിപ്പോർട്ട് നൽകുന്നത്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News