യു.എന്നിൽ ജിസിസി-ഫ്രാൻസ് യോഗം: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഒമാൻ

ഫലസ്തീൻ രാഷ്ട്രത്തിനുള്ള ഫ്രാൻസിന്റെ അംഗീകാരത്തെയും സ്വാഗതം ചെയ്തു

Update: 2025-09-24 11:19 GMT
Editor : Thameem CP | By : Web Desk

ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന ജി.സി.സി- ഫ്രാൻസ് സംയുക്ത മന്ത്രിതല യോഗത്തിൽ ഒമാൻ സുൽത്താനേറ്റ് പങ്കെടുത്തു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് യോഗത്തിൽ ഒമാനെ പ്രതിനിധീകരിച്ചത്. ഒമാനും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്തിടെ സുരക്ഷ, വ്യാപാരം, സാംസ്‌കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഈ ബന്ധം ഗണ്യമായ പുരോഗതി കൈവരിച്ചതായും, പൊതു താൽപ്പര്യങ്ങൾ മുൻനിർത്തി ഗൾഫ്-ഫ്രഞ്ച് സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

ഫലസ്തീൻ വിഷയം ഒരു പ്രധാന അജണ്ടയായി ഉയർത്തിക്കാട്ടിയ അദ്ദേഹം, ഇത് അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമാണെന്ന് ആവർത്തിച്ചു. ഫലസ്തീൻ രാഷ്ട്രത്തിനുള്ള ഫ്രാൻസിന്റെ അംഗീകാരത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. സമാധാന പ്രക്രിയയുടെ വിശ്വാസ്യത തിരികെ കൊണ്ടുവരാൻ പ്രായോഗികവും കൃത്യവുമായ നടപടികൾ അനിവാര്യമാണെന്നും സയ്യിദ് ബദർ പറഞ്ഞു.

ആക്രമണം അവസാനിപ്പിച്ച് ഫലസ്തീൻ ജനതയെ സംരക്ഷിക്കണം, അവരുടെ സ്വയംനിർണയാവകാശവും ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും ഉറപ്പാക്കുന്ന ഒരു യഥാർത്ഥ രാഷ്ട്രീയ മാർഗ്ഗം സ്ഥാപിക്കണം. ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സയ്യിദ് ബദർ ചൂണ്ടിക്കാട്ടി.

പരസ്പര ആശങ്കകൾ പരിഹരിച്ചും വിശ്വാസം ഊട്ടിയുറപ്പിച്ചുമുള്ള ക്രിയാത്മകമായ സംവാദത്തിലൂടെ മാത്രമേ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ സാധിക്കൂകയുള്ളു. ആണവ നിർവ്യാപനം, സമുദ്ര സുരക്ഷ, പ്രാദേശിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജി.സി.സി പങ്കാളികളോടൊപ്പം ഒമാൻ ആശയവിനിമയ ചാനലുകൾ തുറക്കാനും, സംഘർഷങ്ങൾ കുറയ്ക്കാനും നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗൾഫ്-ഫ്രഞ്ച് പങ്കാളിത്തം യഥാർത്ഥ ഫലങ്ങളും പ്രായോഗിക സഹകരണവും ഉണ്ടാക്കുമ്പോൾ മാത്രമേ അതിന് മൂല്യമുണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം വ്യകത്മാക്കി. ഫലസ്തീൻ ജനത അനുഭവിക്കുന്ന അനീതിയും ദുരിതവുമാണ് ഇന്ന് മേഖല നേരിടുന്ന ഏറ്റവും അടിയന്തരമായ വെല്ലുവിളിയെന്നും, ഇത്് പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News