ഒമാൻ ധനകാര്യ മന്ത്രാലയവും ഹുവാവെയും വികസന പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു
വിദ്യാർഥികൾ, ബിരുദധാരികൾ, ജീവനക്കാർ ഉുൾപ്പെടെ 5,000 പേർക്ക് ഐടി രംഗത്ത് പരിശീലനം നൽകും
മസ്‌കത്ത്: ഒമാൻ ധനകാര്യ മന്ത്രാലയം ഹുവാവെയുമായി വികസന പങ്കാളിത്തത്തിനായുള്ള കരാറിൽ ഒപ്പുവെച്ചു. ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറലും വികസന പങ്കാളിത്ത പരിപാടിയുടെ ട്രസ്റ്റി ബോർഡ് ചെയർമാനുമായ മഹ്‌മൂദ് അബ്ദുല്ല അൽ ഉവൈനിയും ഹുവാവെ ഒമാൻ സിഇഒ ഡേവിഡ് ഷിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
ഈ കരാറിൽ മൂന്ന് പ്രധാന പദ്ധതികളാണ് നടപ്പാക്കുന്നത്.
* വിദ്യാർഥികൾ, ബിരുദധാരികൾ, ജീവനക്കാർ എന്നിവരുൾപ്പെടെ 5,000 പേർക്ക് അഞ്ച് വർഷത്തിനുള്ളിൽ ഐടി രംഗത്ത് പരിശീലനം നൽകാൻ ലക്ഷ്യമിടുന്നു.
* ഗവേഷണം, വികസനം, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവക്ക് പിന്തുണ നൽകുന്നതിനായി ഒമാനിലെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ആറ് ഇന്നൊവേഷൻ ലാബുകൾ സ്ഥാപിക്കും.
* 5G സാങ്കേതികവിദ്യ, നിർമിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഒമാനി യുവാക്കളെ ഏറ്റവും പുതിയ ആഗോള രീതികൾക്കനുസരിച്ച് തയ്യാറാക്കുന്നതിനും യോഗ്യരാക്കുന്നതിനുമായി, രണ്ട് വർഷത്തേക്ക് 200 പേർക്ക് പ്രതിവർഷം 100 പ്രത്യേക പരിശീലന അവസരങ്ങൾ നൽകുക എന്നതാണ്
ധനകാര്യ മന്ത്രാലയത്തിന്റെ വികസന പങ്കാളിത്ത പരിപാടി ലക്ഷ്യമിടുന്നത്. പ്രതിബദ്ധതയുള്ള കമ്പനികളിൽ നിന്ന് ആധുനിക സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുകയും എല്ലാ മേഖലകളിലും ദേശീയ ശേഷികളും കഴിവുകളും വളർത്തുകയും ചെയ്യുക എന്നതും മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്. ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളുമായും കമ്പനികളുമായും ധനകാര്യ മന്ത്രാലയം നിലനിർത്തുന്ന പങ്കാളിത്ത ബന്ധങ്ങളാണ് ഇത്തരം നൂതനമായ ആശയങ്ങൾ കണ്ടെത്താനും ആവിഷ്‌കരിക്കാനും സഹായകരമാവുന്നത്.