പിഴ ഒഴിവാക്കാൻ WPS വഴി ശമ്പളം ; ഓർമപ്പെടുത്തലുമായി ഒമാൻ തൊഴിൽ മന്ത്രാലയം
90% പേരുടെയും നവംബറിലെ ശമ്പളം മുതൽ വേതന സംരക്ഷണ സംവിധാനം വഴി കൈമാറ്റം ചെയ്യണം
മസ്കത്ത്: പിഴ ഒഴിവാക്കാൻ തൊഴിലാളികളുടെ ശമ്പളം വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി കൃത്യസമയത്ത് കൈമാറണമെന്ന് ഓർമിപ്പിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. എല്ലാ സ്ഥാപനങ്ങളും അവരുടെ തൊഴിലാളികളിൽ കുറഞ്ഞത് 90% പേരുടെയും നവംബറിലെ ശമ്പളം മുതൽ വേതന സംരക്ഷണ സംവിധാനം വഴി കൈമാറ്റം ചെയ്യണം.
സെപ്തംബർ 29-ന് നടത്തിയ മുൻ പ്രഖ്യാപനത്തെ തുടർന്നാണ് ഈ നിർദേശം. നിയമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകൾ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇവ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴയടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ജീവനക്കാരൻ ശമ്പളത്തിന് അർഹനായതു മുതൽ മൂന്നുദിവസത്തിനുള്ളിൽ വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്നതടക്കമുള്ള മാർഗനിർദേശങ്ങൾ നേരത്തെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
കൈമാറ്റം ചെയ്യപ്പെടുന്ന വേതനം കരാറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കണം. ഏതെങ്കിലും അധിക അലവൻസുകൾ, ഓവർടൈം വേതനം അല്ലെങ്കിൽ കിഴിവുകൾ ഉണ്ടെങ്കിൽ അവ കൃത്യമായി വ്യക്തമാക്കിയിരിക്കണമെന്നും മാർഗനിർദേശത്തിൽ സൂചിപ്പിച്ചിരുന്നു.