ഒമാനിൽ വേതന സംരക്ഷണ സംവിധാനം ശക്തം; 1.41 ലക്ഷം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
ഇതിൽ 91,000ത്തിലധികം സ്ഥാപനങ്ങൾ നിയമം പൂർണമായും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി
മസ്‌കത്ത്: ഒമാനിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുന്നതിനുമുള്ള വേതന സംരക്ഷണ സംവിധാനം മികച്ച രീതിയിൽ തുടരുന്നതായി തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ വാർഷിക മാധ്യമ സമ്മേളനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ 1,41,000ത്തിലധികം സ്ഥാപനങ്ങളാണ് ഡബ്ല്യുപിഎസിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 91,000ത്തിലധികം സ്ഥാപനങ്ങൾ നിയമം പൂർണമായും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തിൽ സുതാര്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സംവിധാനം വലിയ പങ്കുവഹിക്കുന്നുണ്ട്.
അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളും മന്ത്രാലയം പ്രഖ്യാപിച്ചു. 2025 നവംബർ വരെയുള്ള കണക്കനുസരിച്ച് ഒമാനിൽ 74,000 സ്വദേശി തൊഴിലന്വേഷകരാണുള്ളത്. ഇവർക്കായി 2026ൽ 60,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തൊഴിൽ മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം 36,000ത്തിലധികം തൊഴിലവസരങ്ങളും 15,000 പരിശീലന നിയമനങ്ങളും വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതായും മന്ത്രാലയം വിലയിരുത്തി.