സലാലയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷം
ശൈഖ് നായിഫ് അഹമ്മദ് അൽ ഷൻഫരി മുഖ്യാതിഥിയായി
സലാല: മലയാളികളുടെ സലാലയിലെ ഔദ്യോഗിക പൊതു വേദിയായ ഐ.എസ്.സി മലയാള വിഭാഗം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ തൊഴിൽ മന്ത്രാലയത്തിലെ ശൈഖ് നായിഫ് അഹമ്മദ് അൽ ഷൻഫരി മുഖ്യാതിഥിയായി. ഘോഷയാത്രയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. ചെണ്ട മേളവും തിരുവാതിരക്കളിയും വിവിധ വിനോദ മത്സരങ്ങളും നടന്നു.
ക്ലബ് ഹാളിൽ ഒരുക്കിയ സദ്യയിലും ആഘോഷത്തിലും മലയാള വിഭാഗം അംഗങ്ങളും കുടുംബാഗങ്ങളും ഉൾപ്പടെ ആയിരക്കണക്കിനാളുകൾ സംബന്ധിച്ചു. ഉദ്ഘാടന പരിപാടിയിൽ കൺവീനർ ഷബീർ കാലടി അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനൻ, രാകേഷ്‌കുമാർ ജാ, സണ്ണി ജേക്കബ്, സന്ദീപ് ഓജ, ഗോപൻ അയിരൂർ എന്നിവർ സംബന്ധിച്ചു.
ഒബ്സർവർ ഇൻ ചാർജ് ഡോ. രാജശേഖരൻ, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സജീബ് ജലാൽ, സുനിൽ നാരായണൻ, ശ്യാം മോഹൻ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ, മുൻ ഭാരവാഹികൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.