കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടു

എട്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി

Update: 2023-10-28 01:30 GMT
Advertising

കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടു. വാദികളിൽ അകപ്പെട്ട വാഹനങ്ങളിൽ കുടുങ്ങിയ എട്ടുപേരെ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തുകയും ചെയ്തു.

ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാദിയിൽ വാഹനം അകപ്പെട്ട് സ്വദേശി പൗരൻ ആണ് മരിച്ചത്. ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഷിനാസിൽ മൂന്ന് പേരെയും സഹമിൽ അഞ്ച് പേരെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.

അതേസമയം, ഒമാനിൽ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്.വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രതപാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പലയിടത്തും റോഡുകളിൽ വെള്ളം കയറി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.

ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി ശനിയാഴ്ചവരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയും കാറ്റും തുടുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും ആലിപ്പഴം ഉൾപ്പെടെയുള്ള കനത്ത മഴയും ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News