‘റഫി കി യാദേൻ’ ഇഖ്‌റ കെയർ സംഗീത മത്സരം സംഘടിപ്പിച്ചു
സമീജ് കാപ്പാട്, ഷാസിയ അഫ്‌റിൻ, അബു അഹമദ്, ഫിറോസ് കൊച്ചി എന്നിവർ വിജയികൾ
സലാല: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകൾ മുൻനിർത്തി ഇഖ്‌റ കെയർ സലാല സംഘടിപ്പിച്ച സംഗീത മത്സരം വ്യത്യസ്‌ത അനുഭവമായി. സലാല വിമൻസ് ഹാളിൽ നടന്ന സംഗീതരാവിൽ മുഹമ്മദ് റഫിയുടെ മനോഹര ഗാനങ്ങൾ ഹ്യദയങ്ങളിലേക്ക് പെയ്തിറങ്ങുകയായിരുന്നു.
33 പേർ പങ്കെടുത്ത മത്സരത്തിൽ ആദ്യ റൗണ്ടിൽ നിന്ന് തെരഞ്ഞെടുത്ത 15 പേരാണ് ഫൈനലിൽ മത്സരിച്ചത്. കടുത്ത മത്സരത്തിൽ വോയിസ് ഓഫ് സലലയിലെ സമീജ് കാപ്പാട് ഒന്നാംസ്ഥാനം നേടി. ഷസിയ അഫ്‌റീനാണ് രണ്ടാംസ്ഥാനം. അബു അഹമ്മദ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വോയിസ് ഓഫ് സലാലയിലെ ഫിറോസ് കൊച്ചിൻ പ്രോത്സാഹന സമ്മാനത്തിനും അർഹനായി. പരിപാടിയിൽ കോൺസുലാർ ഏജൻ്റ് ഡോ: കെ.സനാതനൻ മുഖ്യാതിഥിയായിരുന്നു. ഹുസൈൻ കച്ചിലോടി അധ്യക്ഷത വഹിച്ചു.
വിജയികൾക്ക് ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ്, ഡോ: അപർണ (അബു അൽദഹബ്), മുഹമ്മദ് സാദിഖ് (ഗൾഫ് ടെക്) എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രമുഖ സംഗീതജ്ഞ ഡോ: വന്ദന ജ്യോതിർമയി, സംഗീത അധ്യാപകരായ രാംദാസ് കമ്മത്ത്, ഗോപകുമാർ, ശിവജി ക്രഷ്‌ണ എന്നിവർ വിധികർത്താക്കളായി. പരിപാടിക്ക് ഇഖ്‌റ ഭാരവാഹികളായ ഡോ: ഷാജിദ് മരുതോറ, സ്വാലിഹ് തലശ്ശേരി, ഷൗക്കത്ത് തുടങ്ങിയവർ നേത്യത്വം നൽകി.