ഒമാനിൽ വിദേശ നിക്ഷേപക കമ്പനികളിൽ സ്വദേശി നിയമനം നിർബന്ധമാക്കുന്നു

പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം

Update: 2024-03-28 18:43 GMT
Advertising

മസ്‌കത്ത്: ഒമാനിൽ വിദേശ നിക്ഷേപക കമ്പനികളിൽ സ്വദേശി നിയമനം നിർബന്ധമാക്കുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപക കമ്പനികളിൽ ഏപ്രിൽ മുതൽ ഒമാനി ജീവനക്കാരെ നിയമിച്ചുതുടങ്ങണമെന്നാണ് നിർദേശം.

വിദേശ നിക്ഷേപകർ ഒമാനിൽ വാണിജ്യ സ്ഥാപനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു ഒമാനി പൗരനെ നിയമിക്കുകയും അവരെ സോഷ്യൽ ഇൻഷുറൻസിന്റെ ജനറൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. 'ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമി'ൽ ഈ വരുന്ന ഏപ്രിൽ ഒന്നുമുതൽ ഇക്കാര്യം മന്ത്രാലയം നടപ്പാക്കും. ഒരു വർഷത്തിനുശേഷവും തൊഴിൽ നിർദേശങ്ങൾ കമ്പനികൾ പാലിച്ചിട്ടില്ലെങ്കിൽ വിദേശ നിക്ഷേപക കമ്പനികൾക്കുള്ള ഇടപാടുകൾ നിരോധിക്കും. നടപടക്രമങ്ങൾ പൂർത്തീകരിക്കാൻ കമ്പനികൾക്ക് 30 ദിവസത്തെ സമയം നൽകും. ഇതിനുശേഷവും പരിഹരിച്ചിട്ടില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്‌ട്രേഷൻ ഫീസ് കുറക്കാനും അവരെ ഒമാനി നിക്ഷേപകനായി കണക്കാക്കാനുമുള്ള തീരുമാനം മന്ത്രിമാരുടെ കൗൺസിൽ രാജ്യത്ത് നടപ്പാക്കിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News