എഐ കാമറ ഓൺ; സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ സജീവമാക്കി ആർഒപി

മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്താനാണ് നടപടി

Update: 2025-07-08 06:08 GMT

മസ്‌കത്ത്: വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ പ്രധാന ഗതാഗത ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി റോയൽ ഒമാൻ പൊലീസ് (ആർഒപി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കാമറകൾ ഉൾപ്പെടെയുള്ള സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ സജീവമാക്കി. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആർഒപിയുടെ നീക്കത്തിന്റെ ഭാഗമാണിത്.

ഡാറ്റ വിശകലനം ചെയ്യുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആർഒപിയിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എഞ്ചിനീയർ അലി ബിൻ സുലൈം അൽ ഫലാഹി പറഞ്ഞു.

Advertising
Advertising

നേരിട്ടുള്ള മനുഷ്യ ഇടപെടലില്ലാതെ ലംഘനങ്ങൾ കണ്ടെത്താൻ കഴിവുള്ള സ്മാർട്ട് ട്രാഫിക് ലൈറ്റുകളും എഐ കാമറകളും സംയോജിപ്പിക്കുന്ന സമഗ്ര നിരീക്ഷണ ശൃംഖല ആർഒപി നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയവ ഈ സംവിധാനങ്ങൾ ട്രാക്ക് ചെയ്യും. ഇവ രണ്ടുമാണ ഗതാഗത സംബന്ധമായ പരിക്കുകൾക്കും മരണങ്ങൾക്കും പ്രധാന കാരണങ്ങളെന്നതിനാലാണിത്.

ഒമാനിൽ ഏറ്റവും പതിവായുള്ള ഗതാഗത നിയമലംഘനങ്ങളിൽ അമിത വേഗത, ചുവന്ന സിഗ്‌നൽ പാലിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ് പാലിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന അശ്രദ്ധ ഡ്രൈവിംഗ് എന്നിവ ഉൾപ്പെടുന്നുവെന്ന് അൽ ഫലാഹി കൂട്ടിച്ചേർത്തു. ആവർത്തിച്ചുള്ള നിയമലംഘനങ്ങളിൽ താത്കാലിക ലൈസൻസ് സസ്പെൻഷൻ, നിർബന്ധിത ഡ്രൈവിംഗ് കോഴ്സുകൾ, വാഹനം കണ്ടുകെട്ടൽ, ലൈസൻസ് സ്ഥിരമായി റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള പിഴകൾ ഉൾപ്പെടുന്ന ട്രാഫിക് പോയിന്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News