റിയലേതന്നറിയാം; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
വർധിച്ചുവരുന്ന റിയൽ എസ്‌റ്റേറ്റ് തട്ടിപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ്
മസ്‌കത്ത്: ഒമാനിൽ വർധിച്ചുവരുന്ന റിയൽ എസ്റ്റേറ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പ്രോപ്പർട്ടി കരാറുകളിൽ ഒപ്പിടുന്നതിന് മുമ്പ് പൗരന്മാരോടും താമസക്കാരോടും അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. വ്യാജ ഉടമസ്ഥാവകാശ രേഖകൾ നിർമിക്കുന്നത് മുതൽ വീട്ടുടമസ്ഥരായി വേഷംമാറി വാടക തട്ടിയെടുക്കുന്നതുവരെയുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്ന ഓഫറുകളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്.
വ്യാജ ഐ.ഡി കാർഡുകൾ, നിയമവിരുദ്ധ കരാറുകൾ, സ്റ്റാമ്പുകൾ എന്നിവ ഉപയോഗിക്കുകയും മുൻകൂർ പേയ്മെന്റുകൾ അഭ്യർഥിക്കുകയും ചെയ്യുന്നുണ്ടെന്നും ആർഒപി പറയുന്നു. വാടകക്കാരും വാങ്ങുന്നവരും സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒഴിവാക്കണം, പ്രോപ്പർട്ടികൾ നേരിട്ട് സന്ദർശിക്കണം, ഒപ്പിടുന്നതിന് മുമ്പ് എല്ലാ രേഖകളുടെയും സാധുത നന്നായി പരിശോധിക്കണമെന്നും അധികൃതർ പറഞ്ഞു.