ജബൽ അഖ്ദറിൽ 'റുമ്മാന' ഉത്സവത്തിന്റെ മൂന്നാം പതിപ്പിന് തുടക്കം

സുസ്ഥിര കാർഷിക ടൂറിസത്തിന് ഉണർവേകുന്ന പരിപാടി സെപ്റ്റംബർ 27 വരെ തുടരും

Update: 2025-07-06 11:57 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: പ്രകൃതി ഭംഗിക്ക് പേരുകേട്ട ഒമാന്റെ ദാഖിലിയ ഗവർണറേറ്റിലെ സൈഹ് ഖത്‌നയിലുള്ള 'ജനായിൻ' ഫാമിൽ 'റുമ്മാന' കാർഷികോത്സവത്തിന്റെ മൂന്നാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമായി. സെപ്റ്റംബർ 27 വരെ നീണ്ടുനിൽക്കുന്ന ഈ ഉത്സവം, കുടുംബങ്ങൾക്കും സഞ്ചാരികൾക്കും ഒമാനിലെ കാർഷിക പാരമ്പര്യവും പ്രകൃതി സൗന്ദര്യവും അടുത്തറിയാൻ അവസരം നൽകുന്നതാണ്.

സുസ്ഥിര കാർഷിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ഗ്രാമീണ സമൂഹങ്ങൾക്ക് പിന്തുണ നൽകുക എന്നതുമാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. 'തിബി' കമ്പനിയും 'ജനായിൻ' കാർഷിക ടൂറിസം വികസന കമ്പനിയും ചേർന്നാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്. 'ഗ്രീൻ മൗണ്ടൻ' എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ കാർഷിക, ടൂറിസം പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പരിപാടി.

Advertising
Advertising

സന്ദർശകർക്ക് മാതളനാരങ്ങ, അത്തിപ്പഴം, പിയർ തുടങ്ങിയ സീസണൽ പഴങ്ങൾ നേരിട്ട് തോട്ടങ്ങളിൽ നിന്ന് പറിച്ചെടുക്കാം. കൂടാതെ, കാർഷിക വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, അഭ്യാസ പ്രകടനങ്ങൾ, കുടുംബ മത്സരങ്ങൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന കർഷകരുടെ ചന്ത എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളും ഒമാന്റെ തനത് വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളും ഉത്സവത്തിന് മാറ്റു കൂട്ടുന്നു.

കഴിഞ്ഞ വർഷം 51,000-ത്തിലധികം സന്ദർശകരാണ് ഈ ഉത്സവത്തിനെത്തിയത്. 44 ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. ജബൽ അൽ അഖ്ദറിൽ നിന്നുള്ള 10,000 കിലോഗ്രാമിലധികം വിളകൾ വിറ്റഴിച്ചത് പ്രാദേശിക കർഷകർക്ക് വലിയ സഹായമായി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News