കെ.എം.സി.സി 40ാം വാർഷികം; ഫെബ്രുവരി 16 ന് പി.കെ. കുഞ്ഞാലിക്കുട്ടി സലാലയിൽ
ഒരു വർഷമായി നടന്നു വരുന്ന 40ാം വാർഷികാഘോഷങ്ങളുടെ സമാപനമാണ് ഫെബ്രുവരി 16 ന് നടക്കുക
സലാല: മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഫെബ്രിവരി 16 ന് സലാലയിൽ എത്തുന്നു. സലാല കെ.എം.സി.സി 40ാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ സംബന്ധിക്കുന്നതിനാണ് അദ്ദേഹം സലാലയിലെത്തുന്നത്. സാദയിലെ റോയൽ ബാൾ റൂം ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് ആരംഭിക്കുന്ന 'ബിൽ ഫഖർ' എന്ന സമ്മേളനത്തിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണി ഹരിത നേതാവ് അഡ്വ: നജ്മ തബ്ഷീറ എന്നിവരും സംബന്ധിക്കും. പ്രമുഖ വ്യവസായി ഡോ: ഷംസീർ വയലിൽ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മൊയ്തു താഴത്ത് ഒരുക്കുന്ന ഗാനമേളയിൽ പ്രമുഖ ഗായകരായ സജ്‌ലി സലീം, ആബിദ് കണ്ണൂർ, ആദിൽ അത്തു, ഇസ്ഹാഖ് എന്നിവർ പങ്കെടുക്കും.
സലാലയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ, പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഗൾഫ് ടെക് ആന്റ് ജി ഗോൾഡ് ഗ്രൂപ്പ് എം.ഡി.പി.കെ അബ്ദു റസാഖ് കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂരിന് നൽകി നിർവഹിച്ചു. ചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഒ. അബ്ദുൽ ഗഫൂർ, രാകേഷ് കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദീഖ്, എ.പി. കരുണൻ, ഡോ. നിഷ്താർ, സഹൽ, അബ്ദുസലാം ഹാജി തക്‌വീൻ, മറ്റു കമ്പനി മേധാവികൾ എന്നിവരും സംബന്ധിച്ചു. വിവിധ സംഘടന ഭാരവാഹികളായ അബ്ദുല്ല മുഹമ്മദ്, ദീപക് മോഹൻദാസ്, കബീർ കണമല എന്നിവരും പങ്കെടുത്തു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, റഷീദ് കൽപറ്റ, വി.പി. അബ്ദുസലാം ഹാജി, അർ.കെ. അഹമ്മദ്, ഹാഷിം കോട്ടക്കൽ, സൈഫുദ്ദീൻ എ. എന്നിവർ നേതൃത്വം നൽകി. ഒരു വർഷമായി നടന്നു വരുന്ന 40ാം വാർഷികാഘോഷങ്ങളുടെ സമാപനമാണ് ഫെബ്രുവരി 16 ന് നടക്കുക.