ഒമാനിൽ നിന്ന് കേരള സെക്ടറിലേക്ക് സർവീസ് കുറഞ്ഞു; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
മേഖലയിലാകെ വിമാന സർവീസുകൾ കുറച്ചതും പലതും റദ്ദാക്കിയതും ടിക്കറ്റ് നിരക്ക് കുതിച്ചുയരാനിടയാക്കി
മസ്‌കത്ത്: ഒമാനിൽ നിന്ന് കേരള സെക്ടറുകളിലേക്ക് സർവീസുകൾ കുറഞ്ഞതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. ഈ മാസം 28 വരെ മസ്‌കത്തിൽ നിന്നും കേരള സെക്ടറുകളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സലാം എയറിൽ ഈ മാസം 27 വരെ ടിക്കറ്റ് ലഭ്യമല്ല. ഇൻഡിഗോയുടെയും ഒമാൻ എയറിന്റെയും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നതാണ്.
എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരിക്കുന്നതോടെ മലയാളി പ്രവാസികൾക്ക് ഇൻഡിഗോ, സലാം എയർ, ഒമാൻ എയർ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരികയാണ്. എന്നാൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സലാം എയറിൽ ഈ മാസം 27 വരെ ടിക്കറ്റ് ലഭ്യമല്ല. ഇൻഡിഗോയുടെയും ഒമാൻ എയറിന്റെയും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെയാണ് വർധിച്ചത്.
യുദ്ധ സാഹചര്യങ്ങൾക്കിടെ മേഖലയിലാകെ വിമാന സർവീസുകൾ കുറച്ചതും പലതും റദ്ദാക്കിയതും ടിക്കറ്റ് നിരക്ക് കുതിച്ചുയരാനിടയാക്കി. ഇതര ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ളവർ ഒമാൻ വഴി യാത്ര ചെയ്യുന്നത് വർധിച്ചതും ഉയർന്ന നിരക്ക് തുടരാൻ കാരണമാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ പതിനായിരങ്ങളാണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്.
മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് നിരക്ക് കുറയുമ്പോഴും കേരളത്തിലേക്കുള്ള വിമാനക്കൂലി ഇപ്പോഴും ഉയർന്ന നിലയിലാണ്. അതേസമയം, സർവീസുകൾ റദ്ദാക്കുന്ന ഘട്ടത്തിൽ നേരത്തെ ടിക്കറ്റെടുത്തവർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്ന് വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, അടുത്ത ദിവസങ്ങളിലേക്ക് റീബുക്ക് ചെയ്യണമെന്നും അന്നത്തെ ഉയർന്ന നിരക്ക് നൽകേണ്ടിവരും എന്നതും പ്രവാസികൾക്ക് തിരിച്ചടിയാണ്.