അസ്ഥിര കാലാവസ്ഥ; വിവിധ ഗവർണറേറ്റുകളിൽ നേരിട്ടുള്ള സേവനങ്ങൾ താത്കലികമായി നിർത്തിവെച്ച് ആർ.ഒ.പി
സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ബാധകമല്ല
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ചില ഗവർണറേറ്റുകളിലെ നേരിട്ടുള്ള സേവനങ്ങൾ ഇന്ന് നിർത്തിവെച്ചതായി റോയൽ ഒമാൻ പൊലീസ്. പാസ്‌പോർട്ട്, സിവിൽ സ്റ്റാറ്റസ് (ID കാർഡ്), ട്രാഫിക് സംബന്ധമായ സേവനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ ഈ സേവനങ്ങൾ പതിവുപോലെ ലഭ്യമായിരിക്കും. മറ്റു ഭൂരിഭാഗം ഗവർണറേറ്റുകളിലും നേരിട്ടുള്ള സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി.
നേരിട്ടുള്ള സേവനങ്ങൾ നിർത്തിവെച്ചെങ്കിലും, ആർ.ഒ.പിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട സേവനങ്ങളെല്ലാം റിമോട്ട് ആയി തന്നെ ആക്സസ് ചെയ്യാവുന്നതാണ്. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പൊലീസ് കമാൻഡ് സെന്ററുകളും മറ്റ് ഓപ്പറേഷൻ യൂണിറ്റുകളും 24 മണിക്കൂറും സജ്ജമായിരിക്കും. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നതിനും പോലീസ് സേന മുഴുവൻ സമയവും കർമ്മനിരതരായിരിക്കുമെന്ന് ആർ.ഒ.പി പ്രസ്താവനയിൽ വ്യക്തമാക്കി.