സുഹൈൽ ബഹ്‌വാൻ ഗ്രൂപ്പ് ചെയർമാൻ ശൈഖ് സുഹൈൽ സാലിം ബഹ്‌വാൻ അന്തരിച്ചു

ഒമാൻ സ്വകാര്യ മേഖലാ വളർച്ചയ്ക്ക് അടിത്തറയിട്ട വ്യവസായ പ്രമുഖൻ

Update: 2025-11-23 07:56 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖനും സുഹൈൽ ബഹ്‌വാൻ ഗ്രൂപ്പിന്റെ ചെയർമാനുമായ ശൈഖ് സുഹൈൽ സാലിം ബഹ്‌വാൻ അന്തരിച്ചു. ഒമാൻ സ്വകാര്യ മേഖലാ വളർച്ചയ്ക്ക് അടിത്തറയിട്ട വ്യവസായകൻ കൂടിയാണ് ശൈഖ് സുഹൈൽ.

സുർ നഗരത്തിൽ ജനിച്ച ശൈഖ് സുഹൈൽ 1960-കളുടെ മധ്യത്തിൽ സഹോദരനോടൊപ്പം മത്ര സൂഖിൽ മീൻവലകളും ഉപകരണങ്ങളും നിർമാണ സാമഗ്രികളും വിൽക്കുന്ന ചെറിയ കട തുടങ്ങിയാണ് വ്യവസായ യാത്ര ആരംഭിച്ചത്. 1970-കളിൽ ഒമാനിന്റെ സാമ്പത്തിക പരിവർത്തന കാലത്ത് സേഖോ, തോഷിബ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിതരണാനുമതി നേടിയതോടെ ബിസിനസ് രം​ഗത്ത് കുതിച്ചുയർന്നു.

Advertising
Advertising

സ്വതന്ത്രമായി സ്ഥാപിച്ച സുഹൈൽ ബഹ്‌വാൻ ഗ്രൂപ്പ് ഇന്ന് ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ്. ഓട്ടോമൊബൈൽ, വളം-പെട്രോകെമിക്കൽസ്, എഞ്ചിനീയറിങ്-നിർമാണം, ഐസിടി-ടെലികോം, ആരോഗ്യം, ലോജിസ്റ്റിക്സ്, ഉപഭോക്തൃ ഉൽപന്നങ്ങൾ, വ്യാപാരം തുടങ്ങി വിവിധ മേഖലകളിലാണ് ​സ്ഥാപനം പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാരുള്ള ഗ്രൂപ്പ് ഗൾഫ്, ഏഷ്യൻ വിപണികളിൽ സജീവമാണ്. എണ്ണയെ ആശ്രയിക്കാതെയുള്ള ഒമാൻ സാമ്പത്തിക വൈവിധ്യവത്കരണത്തിലും നിർണായക പങ്ക് വഹിച്ചു.

ശൈഖ് സുഹൈലിന്റെ നേതൃത്വത്തിൽ വ്യവസായം, നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ വമ്പൻ പദ്ധതികളിലൂടെ സ്ഥാപനം സുൽത്താനേറ്റിന്റെ വ്യാവസായിക വളർച്ചയുടെ അടിസ്ഥാന ശിലയായി മാറി. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവയ്ക്കായി വലിയ സംഭാവനകൾ നൽകി.

ദേശീയ വികസനത്തിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വിവിധ അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ഒമാന്റെ ആധുനിക വ്യവസായ ചരിത്രത്തിലെ ഒരു യുഗാന്ത്യമാണ് ശൈഖ് സുഹൈൽ ബഹ്‌വാന്റെ വിയോഗമെന്ന് വിലയിരുത്തപ്പെടുന്നു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News