ഷോപ്പിംഗ് സെന്ററുകളും റീട്ടെയിൽ സ്റ്റോറുകളും പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകണം: ഒമാൻ വാണിജ്യ മന്ത്രാലയം
രാജ്യത്ത് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള നീക്കത്തിലാണ് അധികൃതർ
മസ്‌കത്ത്: ഷോപ്പിംഗ് സെന്ററുകളും റീട്ടെയിൽ സ്റ്റോറുകളും പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പല വാണിജ്യ സ്ഥാപനങ്ങളും കാശ് ഈടാക്കിയും മറ്റുമാണ് ഇത്തരം ബാഗുകൾ നൽകുന്നത്. എന്നാൽ, സൗജന്യ ബാഗ് എന്ന ഓപ്ഷൻ അടിസ്ഥാന സേവനത്തിന്റെ ഭാഗമായതിനാൽ അത് നീക്കം ചെയ്യുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പുനൽകുന്ന മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശമെന്ന് വാണിജ്യ മന്ത്രാലയവും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും പറഞ്ഞു.
രാജ്യത്ത് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കാനുള്ള ദേശീയ തീരുമാനത്തിന്റെ മൂന്നാം ഘട്ടം രാജ്യത്ത് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഭക്ഷണശാലകൾ, പച്ചക്കറികൾ, പഴങ്ങൾ, പാക്കേജിങ് എന്നിവ വിൽക്കുന്ന സ്റ്റോറുകൾ, ബേക്കറി കടകൾ, മിഠായി ഫാക്ടറികൾ എന്നിവയിലാണ് ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വന്നത്. ഇവിടങ്ങളിൽ പ്ലാസ്റ്റിക്ക് സഞ്ചികൾ ഉപയോഗിക്കുന്നത് നിർത്തി തുണി ബാഗുകൾ, പേപ്പർ ബാഗുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളിലേക്കാമ് മാറേണ്ടത്.
രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ പ്രവർത്തിക്കുന്നത്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽവരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്തും.