ത്രിദിന സന്ദർശനം: ഒമാൻ സുൽത്താൻ സ്‌പെയിനിൽ
റോയൽ പാലസിൽ ഇന്ന് സപാനിഷ് രാജാവുമായി കൂടിക്കാഴ്ച
മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ വൈകുന്നേരം സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ എത്തി. ഇരു രാജ്യങ്ങൾക്കിടയിലെ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനും സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സുൽത്താന്റെ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് മാഡ്രിഡിലെ റോയൽ പാലസിൽ വെച്ച് കിങ് ഫിലിപ്പ് ആറാമനും ക്വീൻ ലെറ്റീസിയയും ചേർന്ന് സുൽത്താനായി ഔദ്യോഗിക സ്വീകരണം ഒരുക്കും.
സ്പാനിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടനെ സ്പാനിഷ് വ്യോമസേനയുടെ സൈനിക വിമാനങ്ങളുടെ അകമ്പടി സുൽത്താന് ഊഷ്മളമായ വരവേൽപ്പേകി. വിമാനത്താവളത്തിൽ, വിദേശകാര്യ സ്റ്റേറ്റ് സെക്രട്ടറി ഡിയാഗോ മാർട്ടിനെസ്, നിരവധി സ്പാനിഷ് ഉദ്യോഗസ്ഥർ, സ്‌പെയിനിലെ ഒമാൻ അംബാസഡർ, മാഡ്രിഡിലെ ഒമാനി എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സുൽത്താനെ സ്വീകരിച്ചു.