ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചു
രണ്ട് സ്വകാര്യ സ്പെഷ്യലൈസ്ഡ് ആരോഗ്യ സ്ഥാപനങ്ങളെ സസ്പെൻഡും ചെയ്തു
മസ്കത്ത്: രാജ്യത്തെ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചു. ഗുണ നിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 18 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ താൽക്കാലികമായി അടച്ചിടാനും ഒമാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ചില ആരോഗ്യപ്രവർത്തകരുടെ ക്ലിനിക്കല്‍ പ്രിവിലേജ് എടുത്തുകളഞ്ഞതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രണ്ട് സ്വകാര്യ സ്പെഷ്യലൈസ്ഡ് ആരോഗ്യ സ്ഥാപനങ്ങളെ സസ്പെൻഡും ചെയ്തു.
ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 66 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. അധികൃതരുടെ അനുമതി വാങ്ങാതെ സമൂഹമാധ്യമങ്ങൾ വഴി സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് 34 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് താക്കീതും നൽകി. മന്ത്രാലയം നിർദ്ദേശിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.