സഞ്ചാരികൾക്ക് സന്തോഷം, സൗത്ത് ബാത്തിനയിൽ വമ്പൻ വിനോദസഞ്ചാര പദ്ധതികൾ
പ്രഖ്യാപനവുമായി ടൂറിസം ഡയറക്ടർ ഡോ. അൽ മുഅ്തസിം ബിൻ നാസർ
മസ്കത്ത്: ഒമാനിലെ സൗത്ത് ബാത്തിന ഗവർണറേറ്റിൽ വമ്പൻ വിനോദസഞ്ചാര പദ്ധതികൾ വരുന്നു. "ഗവർണറേറ്റ് വിനോദസഞ്ചാരികൾക്കായി നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടുത്തെ ആറ് വിലായത്തുകളിൽ കോട്ടകൾ, കൊത്തളങ്ങൾ, ഗോപുരങ്ങൾ, പർവതഗ്രാമങ്ങൾ എന്നിവ നിറഞ്ഞുനിൽക്കുന്നു. വറ്റാത്ത താഴ്വരകളുടെ തീരത്തുള്ള ക്യാമ്പിങ് ഇവിടെ പ്രിയപ്പെട്ട വിനോദമാണ്. ഒപ്പം ഒമാൻ കടലിന് അഭിമുഖമായുള്ള ബീച്ചുകളും സന്ദർശിക്കാം" എന്നാണ് ഗവർണറേറ്റിലെ പൈതൃക, ടൂറിസം വിഭാഗം ഡയറക്ടർ ഡോ. അൽ മുഅ്തസിം ബിൻ നാസർ അൽ ഹിലാലി പറഞ്ഞത്.
2025 ഒക്ടോബർ അവസാനത്തോടെ സൗത്ത് അൽ ബാത്തിന ഗവർണറേറ്റിൽ ലൈസൻസുള്ള ഹോട്ടൽ സ്ഥാപനങ്ങളുടെ എണ്ണം 249-ൽ എത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു. ഇതിൽ 11 ഹോട്ടലുകൾ, എട്ട് ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾ, അഞ്ച് വിശ്രമ കേന്ദ്രങ്ങൾ, രണ്ട് ക്യാമ്പ് സൈറ്റുകൾ, 173 ഗസ്റ്റ് ഹൗസുകൾ, 48 ഇക്കോ ലോഡ്ജുകൾ, രണ്ട് പൈതൃക ലോഡ്ജുകൾ എന്നിവയുണ്ട്. സവിശേഷമായ ഭൂമിശാസ്ത്രം കാരണം പൈതൃകം, ചരിത്രം, പ്രകൃതി, ട്രക്കിങ്, മറൈൻ സ്പോർട്‌സ് ടൂറിസം എന്നിവയുൾപ്പെടെ പലതരം ടൂറിസത്തിന് അനുയോജ്യമായ ലക്ഷ്യസ്ഥാനമാണ് സൗത്ത് ബാത്തിന ഗവർണറേറ്റ്.