ഒമാനിലെ വടക്കൻ ഷർഖിയ ഗവർണറേറ്റിൽ കാറ്റും മഴയും; വാദികൾ നിറഞ്ഞൊഴുകി
വരും ദിവസങ്ങളിൽ ദോഫാർ അടക്കമുള്ള ഗവർണറേറ്റുകളിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യത
മസ്‌കത്ത്: ഒമാനിലെ വടക്കൻ ഷർഖിയ ഗവർണറേറ്റിൽ ശക്തമായ കാറ്റും മഴയും. ദിമ-വതാഈൻ, മുദൈബി എന്നിവടങ്ങളിലുണ്ടായ മഴയിൽ വാദികൾ നിറഞ്ഞൊഴുകി, വരും ദിവസങ്ങളിൽ ദോഫാർ അടക്കമുള്ള ഗവർണറേറ്റുകളിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.
നഖ്സി, മഹ്‌ല, ദിമ തുടങ്ങിയ പ്രദേശങ്ങളിലും മഴ ലഭിച്ചു. നഖ്‌സി, ഹാം, അൽ-റയ്ഹാനി, ഖഅബത്ത് പർവതത്തിന് ചുറ്റുമുള്ള വാദികൾ എന്നിവയും കവിഞ്ഞൊഴുകി. മുദൈബിയിലുണ്ടായ ശക്തമായ കാറ്റ് അൽ റൗദ, അൽ വാരിയ, അൽ മിസ്ഫ, ബാദ് എന്നീ ഗ്രാമങ്ങളിലേക്കും സമദ് അൽ ഷാനിലെ നിയാബത്തിലെ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ ദോഫാർ അടക്കമുള്ള ഗവർണറേറ്റുകളിലും മഴ കൂടുതലായി ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഖരീഫിനോടനുബന്ധിച്ചുള്ള ചാറ്റൽ മഴയാണ് ദോഫാറിൽ അധികവും അനുഭവപ്പെടുന്നത്. ഖരീഫ് അതിന്റെ അവസാനത്തിലേക്ക് കടക്കുന്ന സമയത്ത് സലാലയിൽ നല്ല മഴയായിരിക്കും അനുഭവപ്പെടുക. കൊടും ചൂടിന് ആശ്വാസമായി മഴയെത്തിയത് മലയാളികളടക്കമുള്ള പ്രവാസികൾക്കും സ്വദേശികൾക്കും അനുഗ്രഹമായി. അതുവരെയും അസഹനീയായ ചൂടായിരുന്നു അനുഭവപ്പെട്ടത്. അതിനിടെ മഴക്ക് വേണ്ടി പ്രത്യേക പ്രാർഥനയും നടത്തിയിരുന്നു. തലസ്ഥാന നഗരമായ മസ്‌കത്തിൽ താപനിലയിൽ കുറവുണ്ടെങ്കിലും മഴ കനിഞ്ഞിട്ടില്ല. സമീപ പ്രദേശങ്ങളിൽ മഴ വർഷിക്കുമ്പോൾ മസ്‌കത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്.